നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി പ്രവചനം 6.8 ശതമാനമായി പരിഷ്‌കരിച്ച് ആര്‍ബിഐ. കഴിഞ്ഞ സെപ്റ്റംബര്‍ 30 നു നടത്തിയ ആര്‍ബിഐയുടെ അവസാന പണനയ യോഗത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7 ശതമാനമാകുമെന്ന് ആര്‍ബിഐ പ്രവചിച്ചിരുന്നു. നിരക്ക് കുറച്ചുവെങ്കിലും ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുമെന്നും ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. ആഗോള മാന്ദ്യവും, കര്‍ശനമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമാണ് വെല്ലുവിളികള്‍.
അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ച 7.1 ശതമാനമാകുമെന്നും കണക്കാക്കാകുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.3 ശതമാനമായിരുന്നു. ചൊവ്വാഴ്ച പല പ്രമുഖ ഏജന്‍സികളും ഇന്ത്യയുടെ വളര്‍ച്ച പ്രവചനം ഉയര്‍ത്തുകയും, വികസ്വര വിപണികളില്‍ ഇന്ത്യ മികച്ച മുന്നേറ്റം തുടരുന്നതായും പരാമര്‍ശിച്ചിരുന്നു.
ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈന, യുഎസ്, യൂറോ എന്നിവിടങ്ങളിലെ സാമ്പത്തിക മാന്ദ്യം മറ്റു വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളെ ബാധിച്ച പോലെ ഇന്ത്യയെ അധികം ബാധിച്ചിട്ടില്ല. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയും, ഗണ്യമായ വിദേശ നാണ്യ കരുതല്‍ ശേഖരവും മാന്ദ്യത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.