ജിഎം ഭക്ഷ്യോത്പന്നങ്ങളുടെ ക്രയവിക്രയം, ഇറക്കുമതി എന്നിവയ്ക്ക് ഫെസായ് അനുമിതി വേണം,കരട് തയ്യാർ
ഡെല്‍ഹി: ജനിതക മാറ്റം വരുത്തിയ ഭക്ഷ്യോത്പന്നങ്ങളുടെ ക്രയവിക്രയത്തിനുള്ള ചട്ടങ്ങളുടെ കരട് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) പുറത്തിറക്കി. ജനിതക മാറ്റം വരുത്തിയ ധാന്യങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍ എന്നിവ വില്‍ക്കാനും, ഇറക്കുമതി ചെയ്യാനും ഫെസായ് -യില്‍ നിന്നും നിര്‍ബന്ധമായും മുന്‍കൂര്‍ അനുമതി വാങ്ങണം എന്നതാണ് ഇതില്‍ പ്രധാനം.
ജിഎംഒകളില്‍ നിന്നും (ജനിറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസം) ഉത്പാദിപ്പിക്കുന്ന പരിഷ്‌കരിച്ച ഡിഎന്‍എ ഉള്ളതും, അല്ലാത്തതുമായ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. ഭക്ഷ്യ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെയല്ലാതെ ജിഎംഒകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഏതെങ്കിലും ഭക്ഷണമോ ഭക്ഷ്യ ചേരുവയോ നിര്‍മ്മിക്കാനോ പായ്ക്ക് ചെയ്യാനോ സംഭരിക്കാനോ വില്‍ക്കാനോ വിതരണം ചെയ്യാനോ ഇറക്കുമതി ചെയ്യാനോ ഒരു വ്യക്തിയും പാടുള്ളതല്ല,' കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഒരു ശതമാനമോ, അതില്‍ കൂടുതലോ ജിഎം ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍ എന്നിവയുടെ ലേബലില്‍ 'ജനറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസം' എന്ന് നല്‍കേണ്ടതുണ്ട്. നവംബര്‍ 18 ന് തയ്യാറാക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ പൊതു സമൂഹത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. 60 ദിവസത്തിനുള്ളില്‍ നിര്‍ദേശം റെഗുലേറ്റര്‍ക്ക് സമര്‍പ്പിക്കണം.