പാനും ആധാറും ബന്ധിപ്പിക്കൽ, അവസാന തീയതി നീട്ടിയേക്കും
അവസാനമായിട്ടാണ് 500,1000 രൂപ പിഴയോടെ ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള അന്തിമ തീയതിയായി 2023 മാര്‍ച്ച് 31 നിശ്ചയിച്ചത്.
പാന്‍ നമ്പറും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി വീണ്ടും നീട്ടിയേക്കുമെന്ന് സൂചന. ഈ മാസം 31 ന് മുമ്പ് പിഴയോടെ പാന്‍ നമ്പറും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാമെന്നും അതിന് ശേഷം സാമ്പത്തിക ഇടപാടുകള്‍ നടത്താനാവാത്ത വിധം പാന്‍ അസാധുവാകുമെന്നുമായിരുന്നു അറിയിപ്പ്. ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി ഇതിനകം തന്നെ ഡസനിലേറെ തവണ നീട്ടിയിട്ടുണ്ട്. അവസാനമായിട്ടാണ് 500,1000 രൂപ പിഴയോടെ ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള അന്തിമ തീയതിയായി 2023 മാര്‍ച്ച് 31 നിശ്ചയിച്ചത്. എന്നാല്‍ പിഴയൊടുക്കി ഇത് ചെയ്യാനുള്ള തീയതി വീണ്ടും നീട്ടിയേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല.
നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ വരിക്കാര്‍ക്കും പാനും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള മാനദണ്ഡം റെഗുലേറ്ററി അതോറിറ്റി നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 31 ന് മുന്‍പ് ആധാറുമായി പാന്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആധാറുമായി ലിങ്ക് ചെയ്യാത്ത പക്ഷം പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി ബി ഡി ടി) അറിയിച്ചിരുന്നു.2022 ജൂലൈ 1-നോ അതിനു ശേഷമോ പാന്‍-ആധാര്‍ ലിങ്ക് പൂര്‍ത്തിയാകുകയാണെങ്കില്‍, 1,000 രൂപ ഫീസ് ഈടാക്കും.
എന്‍പിഎസ് അക്കൗണ്ടില്‍ നിലവിലുള്ള വരിക്കാര്‍ക്ക് ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി https://cra-nsdl.com/CRA/ എന്ന ലിങ്ക് വഴി എന്‍ പി എസ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക. അതില്‍ അപ്ഡേറ്റ് ആധാര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ഓപ്ഷനുകളില്‍ അപ്‌ഡേറ്റ് ഡീറ്റെയില്‍സ് എന്നതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ ആഡ് / അപ്‌ഡേറ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ഒടിപി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ ടി പി എന്റര്‍ ചെയുക. ഒടിപി നല്‍കുന്നതിലൂടെ നിങ്ങളുടെ ആധാര്‍, പെര്‍മെനെന്റ് റിട്ടയര്‍മെന്റ്റ് അക്കൗണ്ട് നമ്പറുമായി വിജയകരമായി ലിങ്ക് ചെയ്തുവെന്ന അറിയിപ്പ് ലഭിക്കും.