മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര്‍ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്.
വേതന വർധനവ് ഒഴികെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വർധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നും മന്ത്രിമാർ ഉറപ്പ് നൽകി. ചർച്ചയുടെ അടിസ്ഥാനത്തിൽ റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ നിന്നും പിന്മാറണമെന്നും മന്ത്രിമാർ യോഗത്തെ അറിയിച്ചു. എന്നാൽ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. യോഗത്തിൽ സംഘടനാ നേതാക്കളായി ജി. സ്റ്റീഫൻ എം എൽ എ, ജോണി നല്ലൂർ, കൃഷ്ണപ്രസാദ്, പ്രിയൻകുമാർ, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.