കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ സിനിമാ പ്രദര്‍ശനത്തിനിടെ പിവിആര്‍ പരസ്യം ഒഴിവാക്കുന്നു
- ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗുരുഗ്രാം, പുനെ എന്നിവയുള്‍പ്പെടുന്ന പിവിആറിന്റെ തിയറ്ററുകളിലായിരിക്കും പരസ്യം ഒഴിവാക്കുക
- കസ്റ്റമേഴ്‌സില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു പരസ്യം ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നു പിവിആര്‍
- പരസ്യം ഒഴിവാക്കുന്നതിലൂടെ ലാഭിക്കുന്ന സമയം കൂടുതല്‍ പ്രദര്‍ശനം നടത്താനും ശ്രമം
;

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ ജനപ്രീതി നേടിയതോടെ, സിനിമാ തിയറ്ററുകളിലേക്ക് ആളുകള്‍ എത്തുന്നത് ചുരുങ്ങിയിരുന്നു. ഇത് വ്യവസായത്തിന്റെ തകര്‍ച്ചയ്ക്കു വരെ കാരണമാകുമെന്ന ആശങ്കയും സൃഷ്ടിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് ഇറങ്ങിയ സിനിമകള്‍ ആളുകളെ പഴയതു പോലെ തിയറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചു. ഇപ്പോള്‍ ഇതാ സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ തിയറ്റര്‍ ശൃംഖലയായ പിവിആര്‍-ഐനോക്‌സ്.
സിനിമാ പ്രദര്‍ശനത്തിനിടെ പരസ്യം ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പിവിആര്‍. ഇത് പക്ഷേ, ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗുരുഗ്രാം, പുനെ എന്നിവയുള്‍പ്പെടുന്ന പിവിആറിന്റെ ഏഴ് ലക്ഷ്വറി പ്രോപ്പര്‍ട്ടികളിലെ തിയറ്ററുകളിലായിരിക്കും നടപ്പിലാക്കുകയെന്നും പിവിആര്‍ അറിയിച്ചു.
പരസ്യം ഒഴിവാക്കുന്നതിലൂടെ ലാഭിക്കുന്ന സമയം കൂടുതല്‍ പ്രദര്‍ശനം നടത്താന്‍ ശ്രമിക്കുമെന്നാണു പിവിആര്‍ പറയുന്നത്. അതിലൂടെ വരുമാനം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
കസ്റ്റമേഴ്‌സില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു പരസ്യം ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നു പിവിആര്‍ അറിയിച്ചു. പരസ്യമില്ലാതെ സിനിമ കാണാന്‍ സാധിക്കുന്നതിലൂടെ മികച്ച അനുഭവം ലഭിക്കുമെന്നും നിരവധി പ്രേക്ഷകര്‍ അറിയിച്ചതായി പിവിആര്‍ ഏപ്രില്‍ 24 ന് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.