ട്രംപിനെ അഭിനന്ദിച്ച് പുടിന്‍
- ചര്‍ച്ചയ്ക്ക് തയ്യാറെന്നും റഷ്യന്‍ പ്രസിഡന്റ്
- പുടിനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപും പ്രഖ്യാപിച്ചിരുന്നു
തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കാമെന്ന ട്രംപിന്റെ അവകാശവാദം ശ്രദ്ധ അര്‍ഹിക്കുന്നതാണെന്നും പുടിന്‍ പറഞ്ഞു.
തന്റെ പ്രചാരണ വേളയില്‍, 'ഒരു ദിവസത്തിനുള്ളില്‍' തനിക്ക് യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെങ്കിലും അത് എങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിശദീകരിച്ചിട്ടില്ല.
പുടിന്റെ പ്രസംഗത്തിനിടെ, ജൂലൈയില്‍ ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമത്തെക്കുറിച്ചും പുടിന്‍ സംസാരിച്ചു. വെടിയേറ്റ് ശേഷമുള്ള ട്രംപിന്റെ പെരുമാറ്റം ധൈര്യം കൈവിടാതെയുള്ളതായിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്ന ചോദ്യത്തിന് ഞങ്ങള്‍ തയ്യാറാണ്, എന്നായിരുന്നു പുടിന്‍ മറുപടി നല്‍കിയത്. പുടിനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹിലാരി ക്ലിന്റണിനെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണം വര്‍ധിപ്പിക്കുന്നതിന് 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ അവകാശവാദം മോസ്‌കോ നിരസിച്ചു.
2016 ല്‍ ട്രംപിന്റെ പ്രചാരണവും റഷ്യയും തമ്മിലുള്ള ഒത്തുകളി ആരോപണങ്ങള്‍ യുഎസ് പ്രത്യേക അഭിഭാഷകന്‍ റോബര്‍ട്ട് മുള്ളര്‍ അന്വേഷിച്ചുവെങ്കിലും ഗൂഢാലോചനയുടെ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് മൂന്ന് വര്‍ഷത്തിന് ശേഷം ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.