കൈത്തൊഴിലിനു കൈത്താങ്ങായി പിഎം വിശ്വകര്‍മ്മ പദ്ധതി

  • വായ്പകള്‍, നൈപുണ്യ വികസന പരിശീലനം, വിപണന പിന്തുണ തുടങ്ങിയവവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.
  • 18 പരമ്പരാഗത തൊഴിലുകളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
  • ആദ്യ ഘട്ടത്തിലെ വായ്പ 18 മാസം കൊണ്ടും രണ്ടാമത്തെ ഘട്ടത്തിലെ വായ്പ 30 മാസം കൊണ്ടും അടച്ചു തീര്‍ക്കണം.

Update: 2023-09-20 10:21 GMT

കരകൗശല മേഖലയിലെ തൊഴിലാളികള്‍, കൈത്തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനും അവരുടെ തൊഴില്‍ വൈദഗ്ധ്യം ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പിഎം വിശ്വകര്‍മ്മ പദ്ധതി ഈയിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. വായ്പകള്‍, നൈപുണ്യ വികസന പരിശീലനം, വിപണന പിന്തുണ തുടങ്ങിയവവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.

ലഭിക്കുന്ന നേട്ടങ്ങള്‍

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് പിഎം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ലഭിക്കും. 2023-24 മുതല്‍ 2027-28 വരെ ഈ പദ്ധതിക്കായി 13,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഘട്ടം ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ആശാരി, വള്ളം നിര്‍മ്മാണം, കൊല്ലന്‍, ചുറ്റികയും ഉപകരണങ്ങളും നിര്‍മ്മിക്കുന്നവര്‍, താഴ്‌നിര്‍മ്മിക്കുന്നവര്‍, കവചനിര്‍മ്മാണക്കാര്‍, സ്വര്‍ണ്ണപണി ചെയ്യുന്നവര്‍, കുശവര്‍, ശില്‍പ്പികള്‍, കല്ല്‌കൊത്ത് പണിക്കാര്‍, കല്ല് പൊട്ടിക്കുന്നവര്‍, പാദരക്ഷ നിര്‍മ്മിക്കുന്നവരും അനുബന്ധ ജോലികള്‍ ചെയ്യുന്നവരും, കല്ലാശാരി, കൊട്ട, പായ, ചൂല് നിര്‍മ്മിക്കുന്നവര്‍, കയര്‍ പിരിക്കുന്നവര്‍, പരമ്പരാഗതമായി പാവ, കളിപ്പാട്ടം എന്നിവ നിര്‍മ്മിക്കുന്നവര്‍, ക്ഷുരകന്‍, മാല നിര്‍മ്മിക്കുന്നവര്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍, മത്സ്യബന്ധന വല നിര്‍മ്മിക്കുന്നവര്‍ എന്നിങ്ങനെ 18 പരമ്പരാഗത തൊഴിലുകളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത്, ജില്ല, സംസ്ഥാന തലത്തിലാണ് യോഗ്യരായവരെ കണ്ടെത്തുന്നത്.

വായ്പയ്ക്കു 5% പലിശ

ആദ്യഘട്ടത്തില്‍ ഒരു ലക്ഷം രൂപയും രണ്ടാമത്തെ ഘട്ടത്തില്‍ രണ്ട് ലക്ഷം രൂപയുമാണ് വായ്പയായി ലഭിക്കുന്നത്. ആദ്യ ഘട്ടത്തിലെ വായ്പ 18 മാസം കൊണ്ടും രണ്ടാമത്തെ ഘട്ടത്തിലെ വായ്പ 30 മാസം കൊണ്ടും അടച്ചു തീര്‍ക്കണം. വിശ്വകര്‍മ്മ പദ്ധതിക്കു കീഴിലുള്ള വായ്പകള്‍ക്ക് അഞ്ച് ശതമാനമാണ് പലിശ. എട്ട് ശതമാനം സബ്‌സിഡിയും ലഭിക്കുമെന്നാണ്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്.

ഈടില്ലാതെ വായ്പാ

വായ്പ എടുക്കാനാഗ്രഹിക്കുന്നവര്‍ ഈട് നല്‍കേണ്ടതില്ല. കൊളാറ്ററല്‍ ഫ്രീ വായ്പകളാണ് അനുവദിക്കുന്നത്.

വായ്പയ്ക്ക് പുറമേ

രണ്ട് ഗഡുക്കളായി ലഭിക്കുന്ന മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കു പുറമേ നൈപുണ്യ പരിശീലനം, ആധുനിക സാങ്കേതിക വിദ്യകള്‍, ഹരിത സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, ബ്രാന്‍ഡുകളുടെ പ്രമോഷന്‍, പ്രാദേശികവും ആഗോളവുമായ വിപണികളുമായി ബന്ധിപ്പിക്കല്‍, ഡിജിറ്റല്‍ പേമെന്റ് രീതികള്‍, സാമൂഹിക സുരക്ഷ എന്നിവയെക്കുറിച്ച് അറിവ് നല്കല്‍ എന്നിവയും ഉള്‍പ്പെടുന്നു.

ദിവസ അലവന്‍സ് 500 രൂപ

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ച് ദിവസത്തെ നൈപുണ്യ വികസന പരിശീലനമുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദിവസ അലവന്‍സായി 500 രൂപ ലഭിക്കും.

ഇന്‍സെന്റീവായി 15,000 രൂപ

പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ടൂള്‍ കിറ്റ് ഇന്‍സെന്റീവായി 15,000 രൂപ നല്‍കും. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ ഒരു മാസം 100 ഇടപാടുകള്‍ നടത്തിയാല്‍ ഒരു ഇടപാടിന് ഒരു രൂപ ഇന്‍സെന്റീവായി ലഭിക്കും.

യോഗ്യത

പദ്ധതിയുടെ നേട്ടം ലഭിക്കണമെങ്കില്‍ കൈത്തൊഴില്‍ ചെയ്യുന്നയാളായിരിക്കണം. മുകളില്‍ കൊടുത്തിരിക്കുന്ന 18 തൊഴിലുകളില്‍ ഏതെങ്കിലും തൊഴില്‍ ചെയ്യണം. അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം. കുടുംബത്തിലെ ഒരു വ്യക്തിക്കേ വായ്പ ലഭിക്കു. സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഈ പദ്ധതി ആനുകൂല്യം ലഭിക്കില്ല. പിഎംഇജിപി, പിഎം സ്വാനിധി, മുദ്ര തുടങ്ങിയ കേന്ദ്ര-സംസ്ഥാന വായ്പകള്‍ ഉള്ളവര്‍ക്ക് പിഎം വിശ്വകര്‍മ്മ പദ്ധതിയില്‍ വായ്പ ലഭിക്കില്ല. എന്നാല്‍ ഈ വായ്പകള്‍ പൂര്‍ണമായും തിരിച്ചടച്ചവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. https://pmvishwakarma.gov.in/ എന്ന ലിങ്ക് വഴി പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനായി ചില ചോദ്യങ്ങള്‍ ചോദിക്കും അവയ്ക്ക് ശരിയോ, തെറ്റോ എന്ന് ഉത്തരം നല്‍കണം. ആധാര്‍ നമ്പറും ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും നല്‍കിക്കഴിയുമ്പോള്‍ ആധാര്‍ വെരിഫിക്കേഷനായി ആറക്ക ഒടിപി മൊബൈല്‍ ഫോണില്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്‍പ്പിക്കാം. അപേക്ഷകര്‍ ആധാര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, റേഷന്‍ കാര്‍ഡ് എന്നീ രേഖകള്‍ നല്‍കണം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ കുടുംബാംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കണം.

Tags:    

Similar News