ഡിജിറ്റല്‍ സാങ്കേതികവിദ്യ; ആഗോള ചട്ടക്കൂടിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
- ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം ഡാറ്റയെ ആശ്രയിച്ചാണ് നീങ്ങുക
- സൈബര്‍ ഭീഷണിയില്‍ നിന്ന് ഒരു രാജ്യത്തിനു മാത്രമായി പൗരന്മാരെ സംരക്ഷിക്കാന്‍ കഴിയില്ല
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ഉപയോഗത്തിനും ആഗോള ചട്ടക്കൂട് സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്കായി ആഗോള സ്ഥാപനങ്ങള്‍ ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തിഗത സ്വകാര്യത, മാധ്യമങ്ങളുടെ തെറ്റായ വിവരങ്ങള്‍, സാങ്കേതിക ഭീമന്മാരുടെ ഉത്തരവാദിത്തം, സാമൂഹിക പ്രാധാന്യമുള്ള മറ്റ് വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതിനാല്‍ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രധാനമാണ്.
ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം ഡാറ്റയെ ആശ്രയിച്ചാണ് നീങ്ങുന്നത്.
ഡിജിറ്റല്‍ ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഭൗതിക അതിരുകള്‍ക്കപ്പുറമാണെന്നും സൈബര്‍ ഭീഷണിയില്‍ നിന്ന് ഒരു രാജ്യത്തിനും മാത്രമായി പൗരന്മാരെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി,പറഞ്ഞു.
ഇതിനായി നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം, ആഗോള സ്ഥാപനങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള തലത്തില്‍ സാങ്കേതികവിദ്യയ്ക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതും നിര്‍വ്വചിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി, സൈബര്‍ ഭീഷണികളെ അതിജീവിക്കാന്‍ അന്താരാഷ്ട്ര സഹകരണത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.