പെരിയാറില്‍ രാസമാലിന്യങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

  • മൊത്തം 15 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായിട്ടാണ് ഫിഷറീസ് ഡിപ്പോര്‍ട്ട്‌മെന്റ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്
  • മേയ് 21-നാണ് പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയത്
  • നഷ്ടപരിഹാരം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു
;

Update: 2024-06-11 09:52 GMT
chief Minister said that no chemical contamination was found in periyar
  • whatsapp icon

പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്നു മുഖ്യമന്ത്രി. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്‌സിജന്‍ കുറഞ്ഞ ജലം ഒഴുകിയെത്തിയതാണ് അപകട കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പെരിയാറിലെ മത്സ്യക്കുരുതിയുമായ ബന്ധപ്പെട്ട വിഷയത്തില്‍ എറണാകുളം എംഎല്‍എ ടി.ജെ. വിനോദ് ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

നഷ്ടപരിഹാരം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മേയ് 21-നാണ് പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. ഇതേ തുടര്‍ന്നു വരാപ്പുഴ, ഏലൂര്‍, കടമക്കുടി, ചേരാനെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കഴിയുന്ന നിരവധി പേര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം നേരിടേണ്ടിയും വരികയുണ്ടായി.

മൊത്തം 15 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായിട്ടാണ് ഫിഷറീസ് ഡിപ്പോര്‍ട്ട്‌മെന്റ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം,പെരിയാറിലെ മത്സ്യക്കുരുതിയില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതി കമ്മിറ്റിയെ നിയോഗിച്ചു.

സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അമിസ് ക്യൂരി, ഹര്‍ജിക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്.

ഇവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷം റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.

Tags:    

Similar News