പണപ്പെരുപ്പം 40%-ത്തിന് മുകളില്‍; പട്ടിണിയില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍
നവംബര്‍ 23-ന് അവസാനിച്ച ആഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് 41.13 ശതമാനമായിരുന്നുവെന്നു പാകിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു;

പാകിസ്ഥാനില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി രണ്ടാം ആഴ്ചയും 40 ശതമാനത്തിനു മുകളില്‍. പാചകവാതകത്തിന്റെ വിലവര്‍ധനയാണ് ഇതിനു കാരണമെന്ന് ഔദ്യോഗിക രേഖകളെ ഉദ്ധരിച്ച് ' ഡോണ്‍ ' എന്ന പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 23-ന് അവസാനിച്ച ആഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് 41.13 ശതമാനമായിരുന്നുവെന്നു പാകിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (പിബിഎസ്) പറഞ്ഞു.
പാകിസ്ഥാനില്‍ ആന്വല്‍ ഷോര്‍ട്ട് ടേം പണപ്പെരുപ്പമാണ് (annual short-term inflation) 40 ശതമാനത്തിനു മുകളിലെത്തിയത്. ആന്വല്‍ ഷോര്‍ട്ട് ടേം പണപ്പെരുപ്പം, പ്രതിവാര പണപ്പെരുപ്പം എന്നും അറിയപ്പെടുന്നു. ഇത് അളക്കുന്നത് സെന്‍സിറ്റീവ് പ്രൈസ് ഇന്‍ഡിക്കേറ്റര്‍ (എസ്പിഐ) ഉപയോഗിച്ചാണ്.
സാധനങ്ങളെയും സേവനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് എസ്പിഐ. ഇത് ഓരോ ആഴ്ചയിലുമാണു കണക്കുകൂട്ടുന്നത്.
അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില ഓരോ ചെറിയ ഇടവേളകളിലും വിലയിരുത്താനാണ് ഇങ്ങനെ കണക്കുകൂട്ടുന്നത്.
17 നഗരങ്ങളിലെ 50 വിപണികളില്‍ നിന്നും ശേഖരിച്ച 51 ഇനങ്ങളാണ് എസ്പിഐയിലുള്ളത്.
പാചക വാതകവില ഒരു വര്‍ഷം മുമ്പത്തേക്കാള്‍ 1,100 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.
സിഗരറ്റ് (94 ശതമാനം), ഗോതമ്പ് പൊടി (88.2 ശതമാനം), മുളകുപൊടി (81.7 ശതമാനം), ബ്രോക്കണ്‍ ബസുമതി അരി (76.6 ശതമാനം), വെളുത്തുള്ളി (71 ശതമാനം) എന്നിവയുടെ വിലയിലും വന്‍ വര്‍ധനയുണ്ടായി.
അതേസമയം ഉള്ളിയുടെ വിലയില്‍ വന്‍ ഇടിവുണ്ടായി. 36.2 ശതമാനമാണു കുറഞ്ഞത്. തക്കാളി, വെജിറ്റബിള്‍ നെയ്യ്, കടുക് എണ്ണ തുടങ്ങിയവയുടെ വിലയിലും ഇടിവുണ്ടായി.