ഓണ്‍ലൈന്‍ ഗെയിമുകളെ രണ്ട് ജിഎസ്‍ടി വിഭാഗങ്ങളാക്കുന്നത് പരിഗണനയില്‍
- നിലവില്‍ എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും 18% ജിഎസ്‍ടി
- 2024-25ഓടെ ഓണ്‍ലൈന്‍ ഗെയിമിംഗ് 29,000 കോടി രൂപയാകുമെന്ന് റിപ്പോര്‍ട്ട്
- അടുത്ത ജിഎസ്‍ടി കൗണ്‍സില്‍ നിര്‍ദേശം പരിഗണിക്കും
ഓൺലൈൻ ഗെയിമിംഗിനെ നൈപുണ്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നതും ഇവയ്ക്ക് വ്യത്യസ്ത ജിഎസ്‍ടി നിരക്കുകള്‍ ഏർപ്പെടുന്നതും ധനമന്ത്രാലയം പരിഗണിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വാതുവയ്പ്പിന്റെയോ ചൂതാട്ടത്തിന്റെയോ സ്വഭാവത്തിലുള്ളതോ ആയ ഓൺലൈൻ ഗെയിമുകൾക്ക് 28 ശതമാനം ചരക്ക് സേവന നികുതി ബാധകമാകും, അതേസമയം ഉപയോക്താക്കളുടെ കുറച്ച് വൈദഗ്ധ്യം ഉൾപ്പെടുന്നവയ്ക്ക് 18 ശതമാനത്തിൽ താഴെ നികുതി ചുമത്തുന്നതാണ് പരിഗണിക്കുന്നത്.
ഓൺലൈൻ ഗെയിമുകൾക്കുള്ള നികുതി സംബന്ധിച്ച അന്തിമ തീരുമാനം ജിഎസ്ടി കൗൺസിൽ അതിന്റെ അടുത്ത യോഗത്തിൽ കൈക്കൊള്ളുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. മേയ് അല്ലെങ്കിൽ ജൂണിലാണ് അടുത്ത ജിഎസ്‍ടി കൗൺസിൽ യോഗം നടക്കുന്നത്.
എല്ലാ ഓൺലൈൻ ഗെയിമുകളും ഭാഗ്യം അടിസ്ഥാനമാക്കിയുള്ള ഗെയിമുകളോ വാതുവയ്പ്പിന്റെയോ ചൂതാട്ടത്തിന്റെയോ സ്വഭാവത്തിലുള്ളവയോ അല്ലെന്ന ധനമന്ത്രാലയത്തിന്‍റെ കാഴ്ചപ്പാട് കൗൺസിലിന് മുമ്പാകെ അവതരിപ്പിക്കും. നൈപുണ്യം ആവശ്യമുള്ള കളി ഏതാണെന്നും ഭാഗ്യവും അവസരവും ആധാരമാക്കിയ ഗെയിം ഏതാണെന്നും വേർതിരിക്കുക എന്നതാണ് ഇനിയുള്ള ചുമതല.
നിലവിൽ ഓൺലൈൻ ഗെയിമുകൾക്ക് 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ഓൺലൈൻ ഗെയിമിംഗ് പോർട്ടലുകൾ ഈടാക്കുന്ന ഫീസില്‍ നിന്നുള്ള മൊത്ത ഗെയിമിംഗ് വരുമാനത്തിനാണ് നികുതി ചുമത്തുന്നത്.
കൊവിഡ് ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ഗെയിമിംഗ് ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. കെപിഎംജി റിപ്പോർട്ട് അനുസരിച്ച്, ഓൺലൈൻ ഗെയിമിംഗ് മേഖല 2021ലെ 13,600 കോടി രൂപയിൽ നിന്ന് 2024-25 ഓടെ 29,000 കോടി രൂപയായി വളരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.