ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായ ഒല തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയുമാണ് പിരിച്ചുവിടുന്നത്. കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ വര്‍ദ്ധിച്ചുവരുന്ന നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൻറെ മൂന്നാം പാദത്തില്‍ നഷ്ടത്തില്‍ 50 ശതമാനം വര്‍ധനയാണ് ഒല രേഖപ്പെടുത്തിയത്. എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കമ്പനി പുറത്തിവിട്ടിട്ടില്ല.
അഞ്ച് മാസത്തിനുള്ളില്‍ രണ്ടാം ഘട്ട പിരിച്ചുവിടലിനാണ് ഒല ഒരുങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2024 മാര്‍ച്ച് അവസാനത്തില്‍ ഒലയില്‍ 4000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.