ദേശീയ ക്വാണ്ടം മിഷന് മന്ത്രിസഭാ അംഗീകാരം
- സമര്‍പ്പിത ക്വാണ്ടം പദ്ധതിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ
- എട്ട് വർഷത്തിനുള്ളിൽ 50-1000 ഫിസിക്കൽ ക്യുബിറ്റുകളുള്ള സൂപ്പര്‍ കംപ്യൂട്ടറുകള്‍
ക്വാണ്ടം സാങ്കേതിക വിദ്യയിലെ ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണങ്ങളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദേശീയ ക്വാണ്ടം മിഷന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2023-24 മുതല്‍ 2030-31 വരെയുള്ള കാലയളവില്‍ നടപ്പാക്കുന്ന പദ്ധതിക്ക് 6003.65 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യക്ക് ക്വാണ്ടം സാങ്കേതിക വിദ്യയില്‍ വലിയ കുതിപ്പുണ്ടാക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷം സാങ്കേതിക വിദ്യാ മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഒരു സമര്‍പ്പിത ക്വാണ്ടം പദ്ധതിയുുള്ള ആറാമത്തെ രാജ്യമായി ഇതിലൂടെ ഇന്ത്യ മാറുകയാണ്. യുഎസ്, ഓസ്ട്രേലിയ, ഫിന്‍ലന്‍ഡ്, ചൈന, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലാണ് ക്വാണ്ടം സാങ്കേതിക വിദ്യയുടെ വളര്‍ച്ച ലക്ഷ്യമിട്ട് സമാനമായ പദ്ധതികള്‍ ഉള്ളത്. സൂപ്പർകണ്ടക്റ്റിംഗ്, ഫോട്ടോണിക് ടെക്‌നോളജി തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിൽ എട്ട് വർഷത്തിനുള്ളിൽ 50-1000 ഫിസിക്കൽ ക്യുബിറ്റുകളുള്ള ഇന്റർമീഡിയറ്റ് സ്കെയിൽ ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിക്കുകയാണ് പുതിയ ദൗത്യം ലക്ഷ്യമിടുന്നത്," അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കുള്ളിലെ 2000 കിലോമീറ്റർ പരിധിയിലുള്ള ഗ്രൗണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള സാറ്റലൈറ്റ് അധിഷ്‌ഠിത സുരക്ഷിത ക്വാണ്ടം ആശയവിനിമയം, മറ്റ് രാജ്യങ്ങളുമായുള്ള ദീർഘദൂര സുരക്ഷിത ക്വാണ്ടം ആശയവിനിമയം, 2000 കിലോമീറ്ററിലധികം ദൂരത്തിലുള്ള നഗരങ്ങള്‍ക്കിടയിലെ ക്വാണ്ടം കീ വിതരണം, ക്വാണ്ടം മെമ്മറിയോടു കൂടിയ മൾട്ടി-നോഡ് ക്വാണ്ടം ശൃംഖല എന്നിവയും ദൗത്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.