വിവിധ ഭാഷകളില്‍ വാര്‍ത്താ ചാനലുകള്‍ ആരംഭിക്കാന്‍ എന്‍ഡിടിവി പദ്ധതിയിടുന്നു

  • ചാനലുകള്‍ ആരംഭിക്കുക ഒന്‍പത് ഭാഷകളില്‍
  • പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തീരുമാനം ഏറെ പ്രസക്തം
  • അനുമതി ലഭിച്ചശേഷം ചാനല്‍ ആരംഭിക്കുന്ന തീയതികള്‍ പ്രഖ്യാപിക്കും

Update: 2023-05-18 11:43 GMT

ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എന്‍ഡിടിവി (ന്യൂഡെല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ്) അതിന്റെ പ്രവര്‍ത്തനം വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.

ഒന്‍പത് ചാനലുകള്‍ കൂടി ആരംഭിക്കാനാണ് ന്യൂഡെല്‍ഹി ആസ്ഥാനമായ മാധ്യമസ്ഥാപനം തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമ്പനിയുടെ തീരുമാനം ഏറെ പ്രസക്തമാണ്.

ദേശീയ തലത്തില്‍ എറെ വിശ്വാസ്യത പുലര്‍ത്തുന്ന ഒരു ചാനലായാണ് എന്‍ഡി ടിവി വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞദിവസം നടന്ന കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയതായാണ് അറിയുന്നത്. ഇതു പ്രകാരം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഒമ്പത് വാര്‍ത്താ ചാനലുകള്‍ ഘട്ടംഘട്ടമായി ആരംഭിക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതി കമ്പനി തേടുമെന്ന് എന്‍ഡിടിവി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിച്ചതിന് ശേഷം പ്രസ്തുത ചാനലുകളുടെ ലോഞ്ച് തീയതികള്‍ പ്രഖ്യാപിക്കും. ഇത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കേണ്ടതുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്, ന്യൂസ് ബ്രോഡ്കാസ്റ്റര്‍ എന്‍ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിയുടെയും രാധികാ റോയിയുടെയും ഓഹരികളില്‍ ഭൂരിഭാഗവും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.

സ്ഥാപനത്തിന്റെ വായ്പാ കുടിശിക ചാനലിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരുന്നു. തുടര്‍ന്ന് ചാനലിന്റെ സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.

ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് അദാനി എന്‍ഡിടിവിയുടെ 27.26ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. അനുബന്ധ സ്ഥാപനങ്ങള്‍ വഴി 64.71 ശതമാനം ഓഹരി പിന്നീട് അദാനി സ്വന്തമാക്കി.

2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എന്‍ഡിടിവിയുടെ വരുമാനം 220.65 കോടി രൂപയായിരുന്നു.

പുതിയ മാനേജ്മെന്റും ബോര്‍ഡും ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതായി ഈ മാസം ആദ്യം കമ്പനി വ്യക്തമാക്കിയിരുന്നു. ചാനലിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുക, ഉള്ളടക്കം, വിപണനം, വിതരണ സംരംഭങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയും തീരുമാനങ്ങളില്‍ പെടുന്നു.

അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഏറ്റെടുത്തതിനു പിന്നാലെ പല അസ്വാരസ്യങ്ങളും ചാനലില്‍ ഉയര്‍ന്നിരുന്നു. പ്രകടമായ ഒന്ന് എന്‍ഡിടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നിധി റസ്ദാന്‍ രാജി വെച്ചതാണ്. ചാനലുമായി 22 വര്‍ഷത്തെ ബന്ധമായിരുന്നു നിധിക്ക് ഉണ്ടായിരുന്നത്.

കത്‌വ ബലാത്സംഗക്കൊലയെ കുറിച്ചുള്ള റിപ്പോര്‍ട്ടിന് 2020ല്‍ ഇന്റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചയാളാണ് നിധി. ശ്രീനിവാസ് ജെയിനും രവീഷ് കുമാറും ചാനലില്‍ നിന്ന് രാജിവെച്ചവരില്‍ പെടുന്നു.

ചാനല്‍ സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും നേരത്തെ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചിരുന്നു.

ആര്‍ആര്‍പിആര്‍ ഗ്രൂപ്പ് ഐസിഐസിഐ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കുന്നതിനായി 2009 ല്‍ വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 350 കോടി രൂപ കടമെടുത്തിരുന്നു. ഈ കടമാണ് ചാനലിന്റെ വില്‍പ്പനയിലേക്ക് നയിച്ചത്.


Tags:    

Similar News