മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചതായി റിപ്പോര്‍ട്ട്
- ഇന്ത്യയില്‍ 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ടെസ്ല പ്രഖ്യാപിക്കാനൊരുങ്ങുന്നത്
- ടെസ്ലയുടെ വരുമാനത്തെക്കുറിച്ച് നിക്ഷേപകരുമായും വിശകലന വിദഗ്ധരുമായുള്ള ചര്‍ച്ച 23ന്
- മോദിയെ കാണാന്‍ കാത്തിരിക്കുകയാണെന്ന് ഏപ്രില്‍ 10ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു
;

ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചതായി റിപ്പോര്‍ട്ട്. സിഎന്‍ബിസി-ടിവി 18-നാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാനും ഏപ്രില്‍ 21, 22 തീയതികളില്‍ രണ്ട് ദിവസത്തേക്ക് മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം യാത്ര മാറ്റിവെച്ചതിന് പിന്നിലെ കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല. എന്നിരുന്നാലും, ഏപ്രില്‍ 23-ന് ടെസ്ലയുടെ വരുമാനത്തെക്കുറിച്ച് നിക്ഷേപകരുമായും വിശകലന വിദഗ്ധരുമായും മസ്‌കിന്റെ ഷെഡ്യൂള്‍ ചെയ്ത ചര്‍ച്ചയും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനവും അടുത്ത തീയതികളിലായതിനാല്‍ യാത്ര മാറ്റിവെക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.
അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പുതിയ തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ റദ്ദാക്കിയ യാത്രയ്ക്കിടെ, ശതകോടീശ്വരന്‍ ഇന്ത്യയില്‍ 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രധാനമായും ഒരു പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട നിക്ഷേപം ആയിരുന്നു. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ടെസ്ല സിഇഒ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുമായും ബഹിരാകാശ കമ്പനികളുമായും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയെ കാണാന്‍ കാത്തിരിക്കുകയാണെന്ന് ഏപ്രില്‍ 10ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇലക്ട്രിക് കാര്‍ കമ്പനികള്‍ക്ക് ഡ്യൂട്ടി ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന പുതിയ ഇലക്ട്രിക് വാഹന നിര്‍മ്മാണ നയം വ്യക്തമാക്കുന്ന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
രാജ്യത്ത് വിദേശ ഇവി ബ്രാന്‍ഡുകളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നോക്കുന്നതിനാല്‍ തന്റെ കമ്പനിയായ ടെസ്ല ഇന്ത്യയില്‍ ഗണ്യമായ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം മസ്‌ക് പ്രഖ്യാപിച്ചിരുന്നു.