ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് എംകെ സ്റ്റാലിൻ

  • ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളത്തിനായി കർണാടക സർക്കാർ ഭൂമി അന്വേഷിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് പ്രഖ്യാപനം
  • ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണമെന്ന ആവശ്യവും തമിഴ്‌നാടിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്

Update: 2024-06-27 09:30 GMT

ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രതിവർഷം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതായിരിക്കും വിമാനത്താവളം.

ഹൊസൂരിൽ 2,000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വിമാനത്താവള പദ്ധതിയാണ് സ്റ്റാലിൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രഖ്യാപിച്ചത്. ബെംഗളൂരുവിൽ തുംകൂർ റോഡിൽ നിർമിക്കാൻ സാധ്യതയുള്ള രണ്ടാമത്തെ വിമാനത്താവളത്തിനായി കർണാടക സർക്കാർ ഭൂമി അന്വേഷിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. 

കേന്ദ്ര സർക്കാരും ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും തമ്മിലുള്ള ഇളവ് കരാർ കാരണം തനേജ എയ്‌റോസ്‌പേസ് ആൻഡ് ഏവിയേഷൻ ലിമിറ്റഡിന്  വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞില്ല. 25 വർഷത്തേക്ക് അതായത് 2033 വരെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്റർ പരിധിയിൽ പുതിയതോ നിലവിലുള്ളതോ ആയ ആഭ്യന്തര വിമാനത്താവളങ്ങൾ തുറക്കുന്നത് കരാർ വിലക്കുന്നുണ്ട്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 2008 മെയ് 24 നാണ്  പ്രവർത്തനം ആരംഭിച്ചത്.

"സമീപ വർഷങ്ങളിൽ ഹൊസൂരിൽ പുതിയ നിക്ഷേപങ്ങൾ വർധിച്ചു വരുകയാണ്. ഹൊസൂരിനെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പാകുന്നുണ്ട്. ഹൊസൂരിൻ്റെ പുതിയ മാസ്റ്റർ പ്ലാനും സർക്കാർ തയ്യാറാകുന്നുണ്ട്. സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് ഹൊസൂർ, കൃഷ്ണഗിരി, ധർമപുരി എന്നിവയുടെ വികസനത്തിനും ഹൊസൂരിൽ വിമാനത്താവളം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും" സ്റ്റാലിൻ പറഞ്ഞു.

ബെംഗളൂരുവിനും ചെന്നൈയ്ക്കും ഹൊസൂരിൻ്റെ തന്ത്രപരമായ സാമീപ്യവും വളർന്നുവരുന്ന നിർമ്മാണ ആവാസവ്യവസ്ഥയും കണക്കിലെടുത്ത് ഒരു വിമാനത്താവളം നൽകുന്ന ഗണ്യമായ സാമ്പത്തിക ഉത്തേജനം തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജ ഒരു പ്രസ്താവനയിൽ എടുത്തുപറഞ്ഞു.

ഹൊസൂരിൻ്റെ മികച്ച കാലാവസ്ഥയോടെ, പുതിയ വിമാനത്താവളം ബെംഗളൂരുവിനൊപ്പം ഒരു ഇരട്ട നഗര ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കും, ഇത് തമിഴ്‌നാട്ടിലെയും കർണാടകയിലെയും വളർച്ചയെ മുന്നോട്ട് നയിക്കുമെന്നും രാജ പറഞ്ഞു.

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണമെന്ന ആവശ്യവും തമിഴ്‌നാടിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ബൊമ്മസാന്ദ്രയെയും ആർവി റോഡിനെയും ബന്ധിപ്പിക്കുന്ന ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ 2024 ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ബൊമ്മസാന്ദ്ര-ഹൊസൂർ മെട്രോ ഇടനാഴി മൊത്തം 20.5 കിലോമീറ്ററാണ്, കർണാടകയിൽ 11.7 കിലോമീറ്ററും ശേഷിക്കുന്ന 8.8 കിലോമീറ്റർ തമിഴ്‌നാട്ടിലുമാണ്.

Tags:    

Similar News