കോർപറേറ്റുകളുടെ പോക്കറ്റ് കീറുമോ? പാൽപ്പൊടി നിർമാണ രംഗത്തേക്ക് ചുവടുവച്ച് മിൽമ
കേരളത്തില്‍ ആദ്യമായി പാൽപ്പൊടി നിർമാണരംഗത്തേക്ക് ചുവടുവച്ച് മിൽമ. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്ക് അടുത്ത് മൂര്‍ക്കനാട്ടില്‍ ആണ് മില്‍മയുടെ മെഗാ പൗഡറിംഗ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 12.5 ഏക്കറിലാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഫാക്ടറിയുടെ ഉദ്ഘാടനം 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പാൽപ്പൊടിയും അന്ന് വിപണിയിലിറങ്ങും. തുടർന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളും പുറത്തിറങ്ങും.
മിൽമയുടെ കേരളത്തിലെ ആദ്യത്തെ ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കിയത് പ്രമുഖ കമ്പനിയായ ടെട്രാപാക്കാണ്. 131.3 കോടി രൂപയാണ് ചെലവ്. 15 കോടി രൂപ സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകി. 32.72 കോടി രൂപ നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടാണ്. ബാക്കി മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമാണ്. അത്യാധുനിക സാങ്കേതികവിദ്യയോടുകൂടിയ പ്ലാന്റിൽ പത്ത് ടണ്ണാണ് ഉൽപ്പാദനശേഷി.
പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാവും. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പാൽപ്പൊടി നിർമാണം. പത്തര ലക്ഷം വരുന്ന ക്ഷീര കർഷകരുടെ സഹകരണത്തോടെ കഴിഞ്ഞ 5 വർഷം മികവിന്റെ കാലഘട്ടമാക്കി മാറ്റാൻ മിൽമക്കായി എന്ന് ചെയർമാൻ കെ എസ് മണി പറഞ്ഞു.