മുംബൈ നോര്‍ത്തില്‍ കൂടുതല്‍ വികസനമൊരുക്കാന്‍ ഗോയല്‍

  • ഇന്‍ഫ്രാ, ചേരി പുനര്‍വികസന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്
  • പദ്ധതികളുടെ പുരോഗതി ജനുവരി നാലിന് വകുപ്പ് മേധാവികളുമായി അവലോകനം ചെയ്യും
  • ചേരികളില്‍ താമസിക്കുന്നവര്‍ക്ക് വീട് നല്‍കും

Update: 2025-01-03 07:19 GMT

തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ ഇന്‍ഫ്രാ, ചേരി പുനര്‍വികസന പദ്ധതികളൊരുക്കി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. മുംബൈ നോര്‍ത്തില്‍ നിന്നാണ് ഗോയല്‍ തന്റെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

കെട്ടിക്കിടക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ജനുവരി നാലിന് ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ നിയോജക മണ്ഡലത്തില്‍ ഈ വര്‍ഷം ഞങ്ങള്‍ക്ക് വമ്പിച്ച പദ്ധതികളുണ്ട്. ഒരേ സ്ഥലത്ത് ചേരികളില്‍ താമസിക്കുന്ന ആളുകള്‍ക്ക് എത്ര വേഗത്തില്‍ വീടുകള്‍ നല്‍കാമെന്ന് ഞങ്ങള്‍ നോക്കുന്നു. ഇത് നടന്നുകൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ്. മെച്ചപ്പെട്ട ജീവിത സൗകര്യം പ്രദാനം ചെയ്യുന്നതിനായി മികച്ച റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും'', ഗോയല്‍ പറഞ്ഞു.

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ (എബിഎസ്എസ്) ഉള്‍പ്പെടുത്തിയിട്ടുള്ള തന്റെ നിയോജക മണ്ഡലത്തിലെ കാന്തിവാലി ഉള്‍പ്പെടെയുള്ള നാല് റെയില്‍വേ സ്റ്റേഷനുകളുടെയും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനുകള്‍ തുടര്‍ച്ചയായി വികസിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ഒരു വശത്ത് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കും മറുവശത്ത് മനോഹരമായ കടലും ഉള്ളതിനാല്‍ ആ പ്രദേശത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍ നോക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News