കോഴിക്കോട് ലുലു മാൾ തുറന്നു; ആദ്യദിനം ഓഫറുകളുടെ പെരുമഴ

  • 800 കോടി രൂപയുടെ നിക്ഷേപ പദ്ധതി
  • രണ്ടായിരം പേർക്ക് തൊഴിലവസരം

Update: 2024-09-09 07:58 GMT

ലോകോത്തര ഷോപ്പിങ്ങിന്റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാള്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നല്‍കുക. ലുലുവിന്‍റെ പുതിയ മാൾ മാങ്കാവിൽ ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങൾക്ക് ഇന്ന് മുതലാണ് മാളിൽ പ്രവേശനം ആരംഭിക്കുന്നത്. 11 മണി മുതൽ ഉപഭോക്താകൾക്ക് മാളിൽ പ്രവേശിക്കാം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

കൊച്ചി, തിരുവനന്തപുരം, പാലക്കാട് നഗരങ്ങളിലെ ലുലു മാളുകൾക്ക് ശേഷമാണ് കോഴിക്കോട്ടേക്ക് ലുലു ഗ്രൂപ്പ് എത്തിയത്. മൂന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ മൂന്ന് നിലകളിലായിട്ടാണ് ലുലു മാൾ കോഴിക്കോട് ഒരുക്കിയിരിക്കുന്നത്. 800 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് കോഴിക്കോട്ടെത്. രണ്ടായിരം പേർക്കാണ് തൊഴിലവസരം ലഭിക്കുന്നത്.

ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നിവയാണ് മാളിന്‍റെ പ്രധാന ആകർഷണം. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ്. മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങൾ തൊട്ട് മലബാർ കാർഷിക മേഖലയിൽ നിന്നുള്ള പഴം പച്ചക്കറി പാൽ ഉത്പന്നങ്ങൾ വരെ ഇവിടെ ലഭ്യമാകും. വിട്ടുപകരണങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവയാണ് ലുലു കണക്ടിലുണ്ടാവുക. ആകർഷകമായ ഫാഷൻ ശേഖരമാണ് ലുലു ഫാഷൻ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്.

500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. കെഎഫ്‌സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്‌ലെയിം ആന്‍ ഗോ, സ്റ്റാര്‍ബക്‌സ് തുടങ്ങി പതിനാറിലേറെ ബ്രാന്‍ഡുകളുടെ വിഭവങ്ങൾ ലഭ്യമാകും.

Tags:    

Similar News