വലിയ സ്വപ്നങ്ങളുമായി വിദ്യാർഥികൾ ഇനിയും യു കെ യിലേക്ക് പറക്കേണ്ട
76 ശതമാനം വിദ്യാർത്ഥികളും വിസയുടെ കാലാവധി കഴിഞ്ഞതിനാൽ തിരിച്ചുപോകേണ്ടി വന്നു
വലിയ സ്വപനങ്ങളുമായി യു കെ യിലേക്ക് ഉപരിപഠനത്തിനു പോകുന്ന വിദ്യാർഥികൾ അവിടെ ഉപരിപഠന സാധ്യതയോ ജോലിയോ ഇല്ലാതെ വലിയ പ്രതിസന്ധി നേരിടുകയാണ് . ബിരുദ പഠനത്തിന് ശേഷം ഉപരിപഠനത്തിനോ ജോലിക്കോ അവിടെ തുടരാൻ കഴിയുന്നത് ചെറിയൊരു വിഭാഗത്തിന് മാത്രമാണ്. 2017 ൽ യു കെ യിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ 17 ശതമാനത്തിനു മാത്രമാണ് വർക്ക് വിസ ലിഭിച്ചത്. അതുപോലെ 5 ശതമാനത്തിനാണ് അവരുടെ പഠന വിസയുടെ കാലാവധി നീട്ടി മേടിക്കാൻ കഴിഞ്ഞത്. അന്ന് എത്തിയ 76 ശതമാനം വിദ്യാർത്ഥികള്‍ക്കും 2022 ൽ വിസയുടെ കാലാവധി അവസാനിച്ചതിനാല്‍ തിരിച്ചു പോരേണ്ടി വന്നു.
2022 ലെ കണക്കനുസരിച്ചു പത്തിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി യു കെ യിലേക്ക് പോകുന്നുണ്ട് . ഇപ്പോൾ യു കെ യിലെ വിദേശ വിദ്യാർത്ഥി സമൂഹത്തിലെ രണ്ടാമത്തെ വലിയ സമൂഹമാണ് ഇന്ത്യൻ വിദ്യാർത്ഥികളുടേത്. ഒന്നാം സ്ഥാനം ചൈനക്കും. ആകെ വിദേശ വിദ്യാർത്ഥികളിൽ 2015 - 16 ൽ വെറും 4 ശതമാനം മാത്രമായിരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2021 - 22 ആയപ്പോഴേക്കും 22 ശതമാനമായി കുത്തനെ കൂടി. നേരത്തെ രണ്ടാമത്തെ വലിയ വിദ്യാർത്ഥി സമൂഹമായിരുന്നു യൂറോപ്യൻ വിദ്യാർത്ഥികളുടെ എണ്ണം 8 ശതമാനമായി. ബ്രെ ക്സിറ്റ് നു ശേഷമാണ് യൂറോപ്യൻ വിദ്യാർത്ഥികളുടെ വരവ് യു കെ യിലേക്ക് കുറഞ്ഞത്. ഇത് മുതലാക്കിയാണ് ഇന്ത്യൻ വിദ്യാർഥികൾ യു കെ യിലോട്ടു ഒഴുകിയത്. പഠനത്തിനു ശേഷം വിദ്യാർത്ഥികൾക്ക് രണ്ടു വർഷം അവിടെ ജോലി ചെയ്യാമെന്ന് 2019 ൽ ഗ്രാഡ്വേറ്റ് വിസ പോളിസിയിൽ വരുത്തിയ മാറ്റവും ഇന്ത്യൻ വിദ്യാർത്ഥികൾ കൂട്ടത്തോടെ യു കെ യിൽ എത്താൻ കാരണമായി.
ഇന്ത്യൻ വിദ്യാർഥികൾ മറ്റു വിദേശ വിദ്യാർത്ഥികളെ പോലെ തദ്ദേശ്ശിയ വിദ്യാർത്ഥികൾ കൊടുക്കുന്നതിനേക്കാൾ വൻ ഫീസ് കൊടുത്താണ് അവിടെ പഠിക്കുന്നത്. അതുകൊണ്ടു തന്നെ, പഠന ശേഷം അവിടെ ജോലിചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, അവർക്കു അത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കും.
നീട്ടിമേടിക്കാൻ കഴിയാത്തതു മൂലം വലിയ തോതിൽ വിസയുടെ കാലാവധി തീരാൻ തുടങ്ങിയത് 2010 മുതലാണ് . 2004 ൽ യു കെ യിലെത്തിയ വിദ്യാർത്ഥികൾക്ക് അവരുടെ ബിരുദ പഠനത്തിന് ശേഷം തുടർന്ന് 5 വര്ഷം കൂടി പഠിക്കാനോ ജോലിനോക്കാനോ അനുവാദമുണ്ടായിരുന്നു. അതിൽ തന്നെ 10 ശതമാനം പേർക്ക് അവർക്കു ഇഷ്ട്മുള്ളടത്തോളം കാലം അവിടെ പഠിക്കുവാനോ ജോലിചെയ്യുവാനോ കഴിയുമായിരുന്നു . അന്ന് എത്തിയവരിൽ 50 ശതമാനത്തിനു ,മാത്രമേ വിസ കാലാവധി കഴിഞ്ഞതിനാൽ തിരുച്ചു പോരേണ്ടി വന്നിട്ടുള്ളു.
വിദേശ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസാണ് പല യു കെ യുണിവേഴ്സിറ്റികളുടെയും മുഖ്യ വരുമാനം. 2021 -22 ലെ കണക്കനുസരിച്ച് ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളിൽ , വിദേശ വിദ്യാർത്ഥികൾ 24 ശതമാനം മാത്രമാണ്. എന്നാൽ യൂണിവേഴ്സിറ്റിയുടെ വരുമാനത്തിന്റെ 43 ശതമാനവും ഇവരിൽ നിന്നാണ്. ഈ വരുമാനത്തിൽ നിന്നാണ് കുറഞ്ഞ ചെലവിൽ സ്വദേശീയരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.
ഈ യുണിവേഴ്സിറ്റികൾ നൽകുന്ന ഗുണം കുറഞ്ഞ വിദ്യാഭ്യാസം മൂലമാണ് വിദ്യാർത്ഥികൾക്ക് ഉപരിപഠന൦ നടത്താൻ കഴിയാത്തതും, ജോലി ലഭിക്കാത്തതും. ഇങ്ങനെയുള്ള യുണിവേഴ്സിറ്റികൾക്കെതിരേ നടപടികൾ എടുത്തു വിദ്യാർത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നു പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.