ഇവി ചാര്‍ജിംഗ് വിപുലീകരിക്കാന്‍ കെഎസ്ഇബി
- ഹൈടെക് ചാര്‍ജിംഗ് സെന്ററുകള്‍ക്കായി സ്വകാര്യ നിക്ഷേപകരില്‍ നിന്ന് കരാര്‍ എടുക്കാനും നീക്കം
- ചാര്‍ജിംഗ് സെന്ററുകളില്‍ ടായ്ലറ്റ് സൗകര്യവും, ലഘുപാനീയ സൗകര്യവും ലഭ്യമാക്കും
വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ചിലവ് കുറയും. പകല്‍സമയത്തെ നിരക്കു കുറയ്ക്കാനും ചാര്‍ജിംഗ് സെന്ററുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും കെഎസ്ഇബി.
കെഎസ്ഇബി ചാര്‍ജിംഗ് സ്റ്റേഷനുകളെ റിഫ്രഷ് ആന്‍ഡ് റീചാര്‍ജ് സെന്ററുകളാക്കി മാറ്റാനാണ് ബോര്‍ഡിന്റെ തീരുമാനം. കെഎസ്ഇബിയുടെ 63 ചാര്‍ജിംഗ് സെന്ററുകളാണ് മുഖം മിനുക്കുന്നത്. അതിനുശേഷം സംസ്ഥാനത്താകെ ചാര്‍ജിംഗ് സെന്ററുകള്‍ വരും. പകല്‍ ഇവി ചാര്‍ജിംഗിന് നിരക്ക് ഇളവും ഉടന്‍ കെഎസ്ഇബി പ്രഖ്യാപിക്കും. ചാര്‍ജിംഗ് സെന്ററുകള്‍ ഹൈടെക് ആക്കുന്നതിന് സ്വകാര്യ നിക്ഷേപകരില്‍ നിന്ന് കരാര്‍ എടുക്കാനും ആലോചനയുണ്ട്. ഇവിടെ ടോയ്ലറ്റ് സൗകര്യവും, ലഘുപാനീയ സെന്ററുകളും ആരംഭിക്കും.
കെഎസ്ഇബിക്ക് പുറമേ എട്ട് കമ്പനികളെങ്കിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നടത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം പ്രത്യേകം മൊബൈല്‍ ആപ്പും ചാര്‍ജിംഗ് രീതികളുമാണ്. ഉപകരണങ്ങള്‍ പോലും വ്യത്യസ്തമായതിനാല്‍ വാഹനങ്ങളില്‍ ചിലത് ചാര്‍ജ് ചെയ്യാനുമാകില്ല. ഇതെല്ലാം ഏകീകരിക്കാന്‍ വാഹന ചാര്‍ജിംഗ് ഉപകരണങ്ങളുടെ നിര്‍മാതാക്കളുടെ സംഗമം കെഎസ്ഇബി നടത്തിയിരുന്നു.
രാത്രി വീടുകളിലെ ചാര്‍ജിംഗ് കര്‍ശനമായി നിരുത്സാഹപ്പെടുത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. ചാര്‍ജിംഗ് സെന്ററുകളിലെ പ്രീപെയ്ഡ് രീതിയും മാറും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പണം അടയ്ക്കാനാകും. പണം അടയ്ക്കാതെ ചാര്‍ജ് ചെയ്തു പോയാല്‍ പിന്നീട് കേരളത്തില്‍ എവിടെ ചാര്‍ജ് ചെയ്താലും കുടിശിക അടയ്‌ക്കേണ്ടിവരുന്ന സോഫ്റ്റ്വെയര്‍ സംവിധാനവും ഉണ്ടാകും.