
ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവ് കരസ്ഥമാക്കി കെൽട്രോൺ. 1056.94 കോടി രൂപയുടെ വിറ്റുവരവാണ് ഈ വർഷം കെൽട്രോൺ നേടിയെടുത്തത്. ഇതിന് പുറമെ കെൽട്രോൺ സബ്സിഡിയറി കമ്പനികളായ കണ്ണൂരിലെ കെ സി സി എൽ (104.85 കോടി രൂപ), മലപ്പുറത്തെ കെ ഇ സി എൽ (38.07 കോടി രൂപ) എന്നിവ ഉൾപ്പെടെ കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ 1199.86 കോടി രൂപയുടെ വിറ്റു വരവും 62.96 കോടി രൂപയുടെ പ്രവർത്തന ലാഭവും ഈ വർഷം നേടി.
2023-24 സാമ്പത്തിക വർഷത്തിൽ കെൽട്രോൺ നേടിയ 643 കോടി രൂപയായിരുന്നു ഇതിന് മുൻപുള്ള കമ്പനിയുടെ റെക്കോഡ് വിറ്റുവരവ്. ശരാശരി 400 കോടി വിറ്റുവരവിൽനിന്നും 2021ൽ 520 കോടിയായി ഉയർന്നു. പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലും മാനേജ്‌മെന്റ് സ്വീകരിച്ചിരുന്ന കൃത്യമായ നടപടികളും കെൽട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് കമ്പനിയുടെ ഈ നേട്ടം സാദ്ധ്യമാക്കിയത്.