ഇന്ത്യയുടെ ബഹിരാകാശനിലയം 2028ല്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

  • ആദ്യ ബഹിരാകാശനിലയത്തിന് എട്ട് ടണ്‍ ഭാരം
  • 20 മുതല്‍ 1,215 ടണ്‍ വരെ ഭാരം വഹിക്കാവുന്ന റോക്കറ്റ് ഐഎസ്ആര്‍ഒ വികസിപ്പിക്കുന്നു
  • 2035-ഓടെ ഇന്ത്യ ഐഎസ്എസ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശയാത്രികരെ അയയ്ക്കും
;

Update: 2023-12-23 07:38 GMT
Indias space station will be launched in 2028
  • whatsapp icon

2028-ഓടെ ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. അഹമ്മദാബാദില്‍ നടക്കുന്ന വിജ്ഞാന്‍ ഭാരതിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ ഭാരതീയ വിജ്ഞാന്‍ സമ്മേളനത്തില്‍ യുവ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യവെയാണ് സോമനാഥ് ഇക്കാര്യം അറിയിച്ചത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍, ഐഎസ്ആര്‍ഒ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) ആദ്യത്തെ മൊഡ്യൂള്‍ വിക്ഷേപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ മൊഡ്യൂള്‍ റോബോട്ടിക് ആയിരിക്കും, നിലയത്തിന് എട്ട് ടണ്‍ ഭാരമാണ് പ്രതീക്ഷിക്കുന്നത്.

'അമൃത് കാല്‍ സമയത്ത് ഇന്ത്യയ്ക്ക് സ്വന്തമായി 'ഭാരത് ബഹിരാകാശ നിലയം' ഉണ്ടാകും,' ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പ്രഖ്യാപിച്ചു. ഇന്ത്യൻ ബഹിരാകാശ ഏജന്‍സി 20 മുതല്‍ 1,215 ടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഒരു പുതിയ റോക്കറ്റ് വികസിപ്പിക്കുകയാണ്. നിലവില്‍ ഇന്ത്യയുടെ റോക്കറ്റിന് 10 ടണ്‍ മാത്രമേ വഹിക്കാനാകു.

ഭാവിയിലെ ഐഎസ്ആര്‍ഒ ദൗത്യങ്ങളുടെ അടിത്തറയായി ഐഎസ്എസ് പ്രവര്‍ത്തിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഈ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ 2035-ഓടെ അന്താരാഷ്ട്ര നിലയ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശയാത്രികരെ അയയ്ക്കാനും ഐഎസ്ആര്‍ഒ പദ്ധതിയിടുന്നുണ്ട്.

സോളാര്‍ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ എല്‍-1 ദൗത്യത്തെക്കുറിച്ചും എസ് സോമനാഥ് സംസാരിച്ചു. ജനുവരി ആറിനാണ് ആദിത്യ എല്‍-1 പോയിന്റില്‍ എത്തുന്നത്. ആദിത്യ എല്‍-1ലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ എല്ലാവര്‍ക്കും കാണാനാകും എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഹാലോ ഓര്‍ബിറ്റ് എല്‍- 1 ല്‍ നിന്ന് സൂര്യനെ പഠിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ ഈ ദൗത്യം സെപ്റ്റംബര്‍ 2 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.

'ജനുവരി ആറിന് ആദിത്യ-എല്‍1 എല്‍1 പോയിന്റില്‍ പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ സമയം ഉചിതമായ സമയത്ത് പ്രഖ്യാപിക്കും,' അഹമ്മദാബാദില്‍ സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

'ആദിത്യ വിജയകരമായി എല്‍ 1 പോയിന്റില്‍ എത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് അത് അവിടെയുണ്ടാകും. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനുവേണ്ട വളരെ പ്രധാനപ്പെട്ട ഡാറ്റകളും ആദിത്യ ശേഖരിക്കും' ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.

Tags:    

Similar News