പാനിപ്പത്ത് റിഫൈനറിയിൽ 36,225 കോടി രൂപ വിപുലീകരണവുമായ് ഐഒസി

  • രാജ്യത്തെ റിഫൈനറികളില്‍ ഒമ്പത് എണ്ണം ഐഒസിയുടേതാണ്
  • അസംസ്‌കൃത എണ്ണയെ മൂല്യവര്‍ധിത ഇന്ധനങ്ങളാക്കി മാറ്റാൻ പദ്ധതി
  • ഫോസില്‍ ഇതര ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് വന്‍തോതില്‍ നിക്ഷേപം

Update: 2023-12-04 08:02 GMT

രാജ്യത്തെ മുന്‍നിര എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഹരിയാനയിലെ പാനിപ്പത്ത് റിഫൈനറി വികസിപ്പിക്കുന്നതിനുള്ള ചെലവിന്റെ എസ്റ്റിമേറ്റ് 10 ശതമാനം വര്‍ധിപ്പിച്ച് 36,225 കോടി രൂപയായി പുതുക്കി. നേരത്തെ ഇത് 32,946 കോടി രൂപയായിരുന്നു.

പൂര്‍ത്തീകരിക്കാനുള്ള സമയപരിധി 2024 സെപ്റ്റംബറില്‍നിന്നും 2025 ഡിസംബറായി നിശ്ചയിക്കുകയും ചെയ്തു.

മുന്‍പ് തീരുമാനിച്ചതില്‍ നിന്നും ഒരു വര്‍ഷത്തോളം നീട്ടിക്കൊണ്ടാണ് 2025 ഡിസംബറായി നിശ്ചയിച്ചത്.

പാനിപ്പത്ത് റിഫൈനറിയെ 25 ദശലക്ഷം ടണ്‍ ശേഷിയുള്ളതാക്കി മാറ്റാനാണു തീരുമാനിച്ചിരിക്കുന്നത്. 15 ദശലക്ഷം ടണ്‍ ശേഷിയാണ് ഇപ്പോഴുള്ളത്.

അസംസ്‌കൃത എണ്ണയെ പെട്രോള്‍, ഡീസല്‍, എടിഎഫ് തുടങ്ങിയ മൂല്യവര്‍ധിത ഇന്ധനങ്ങളാക്കി മാറ്റുന്നതിനുള്ള ശേഷിയാണു വിപുലീകരിക്കുന്നത്. ഇതിനു പുറമെ ഐഒസി ഒരു പോളിപ്രൊഫൈലിന്‍ യൂണിറ്റും കാറ്റലറ്റിക് ഡീവാക്‌സിംഗ് യൂണിറ്റും സ്ഥാപിക്കുന്നുണ്ട്.

രാജ്യത്തെ ഏകദേശം രണ്ട് ഡസന്‍ റിഫൈനറികളില്‍ ഒമ്പത് എണ്ണം ഐഒസിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവയുടെ മൊത്തം ശേഷി പ്രതിവര്‍ഷം 70.1 ദശലക്ഷം ടണ്ണാണ്. രാജ്യത്തിന്റെ എണ്ണ ശുദ്ധീകരണ ശേഷിയുടെ 28 ശതമാനം ഐഒസിക്കാണുള്ളത്.

രാജ്യത്തെ 88,248 പെട്രോള്‍ പമ്പുകളില്‍ 36,792 എണ്ണവും ഐഒസിയുടേതാണ്.

919.78 കോടി രൂപയുടെ നിക്ഷേപത്തില്‍ 4,000 ഇലക്ട്രിക് വാഹന ഫാസ്റ്റ് ചാര്‍ജറുകള്‍ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കിയതായി ഐഒസി സമീപകാലത്ത് അറിയിച്ചു.

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പിന്മാറാന്‍ രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഫോസില്‍ ഇതര ഊര്‍ജ്ജ സ്രോതസ്സുകളിലേക്കു ഐഒസി വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ്.

Tags:    

Similar News