പുത്തൻ സ്റ്റാർട്ടപ്പുകൾക്ക് അവസര പെരുമഴ ;നൂറ്റന്‍പതോളം നിക്ഷേപകരുമായ് ഹഡില്‍ ഗ്ലോബല്‍ എത്തുന്നു.

.ഹഡില്‍ ഗ്ലോബലിന്‍റെ അഞ്ചാമത് എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത് .

Update: 2023-11-08 10:06 GMT

കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സംരംഭക നിക്ഷേപക കൂടിക്കാഴ്ചയ്ക്ക് വഴി ഒരുങ്ങുന്നു.രാജ്യത്തെ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലൂടെയാണ് സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക എന്ന ലക്ഷത്തോടെ സംഘടിപ്പിക്കുന്ന പരിപാടി നവംബര്‍ 16 മുതല്‍ 18 വരെ കോവളം ചൊവ്വര സോമതീരം ബീച്ചില്‍ നടക്കും.ഹഡില്‍ ഗ്ലോബലിന്‍റെ അഞ്ചാമത് എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത് .

ഇതിനോടകം തന്നെ ആഗോള തലത്തിൽ ശ്രദ്ധപിടിച്ചു പറ്റിയ ഹഡിലിൽ ലോകമെമ്പാടുമുള്ള നൂറ്റന്‍പതോളം നിക്ഷേപകരാണ് പങ്കെടുക്കുന്നത്. കൂടാതെ 5000ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 200  ൽ അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും.

പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും ഹഡില്‍ ഗ്ലോബലിലൂടെ ലക്ഷ്യമിടുന്നു.

പുതിയ ആശയങ്ങളും ഉല്പന്നങ്ങളുമുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമൊരുക്കുന്ന ഹഡില്‍ ഗ്ലോബലില്‍ എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ - ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് / മെഷീന്‍ ലേണിംഗ് മേഖലകളിലെ സംരംഭങ്ങള്‍ക്ക് പങ്കെടുക്കാം. 2018 മുതല്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍ 5000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്.

ആഗോളപ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ ഹഡില്‍ ഗ്ലോബലില്‍ പങ്കുവെയ്ക്കും. സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്പന, ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങിയവയില്‍ യുവസംരംഭകര്‍ക്ക് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്കും. വ്യവസായ പ്രമുഖര്‍, ഗവേഷണ സ്ഥാപന മേധാവികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കുന്നതിനുമുള്ള അവസരം ഹഡില്‍ ഗ്ലോബലിലുണ്ടാകും. നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ലഭിക്കും. അക്കാഡമിക് വിദഗ്ധര്‍ക്കും സംരംഭകര്‍ക്കുമിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്. സ്റ്റാര്‍ട്ടപ്പ് എക്സ്പോ, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, ശില്പശാലകള്‍, മെന്‍റര്‍ മീറ്റിംഗുകള്‍ തുടങ്ങിയവയ്ക്കൊപ്പം സ്റ്റേജ് പരിപാടികളും ഇത്തവണത്തെ സംഗമത്തിന്‍റെ സവിശേഷതകളാണ്.

കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ഹഡില്‍ ഗ്ലോബലിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 5000 ത്തോളം പേരാണ് കഴിഞ്ഞ വര്‍ഷത്തെ ഹഡില്‍ ഗ്ലോബലില്‍ പങ്കെടുത്തത്. സംഗമത്തില്‍ പങ്കെടുത്ത 3500 ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ 70 സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മുപ്പത് സര്‍ക്കാര്‍ വകുപ്പുകള്‍ 100 സ്റ്റാര്‍ട്ടപ്പുകളുമായി ആദ്യഘട്ട ആശയവിനിമയം നടത്തിയതിനൊപ്പം അടുത്ത ഘട്ട ചര്‍ച്ചകളിലേക്കിപ്പോള്‍ കടന്നിരിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള അവസരമൊരുക്കി സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെ സുഗമമാക്കാന്‍ ഹഡില്‍ ഗ്ലോബല്‍ 2023 ലൂടെ കെഎസ് യുഎം ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുടെ മുഖ്യ പ്രഭാഷണങ്ങള്‍, 150 നിക്ഷേപകരുള്ള ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഐഇഡിസി ഹാക്കത്തോണ്‍, ദേശീയ അന്തര്‍ദേശീയ സ്റ്റാര്‍ട്ടപ്പ് ഉല്പന്ന പ്രദര്‍ശനങ്ങള്‍, ഡീപ്ടെക് ലീഡര്‍ഷിപ്പ് ഫോറം പ്രഖ്യാപനം, ഫണ്ടിംഗ് പ്രഖ്യാപനങ്ങള്‍, ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ബിസിനസ് അവസരങ്ങള്‍ മനസിലാക്കാന്‍ അന്താരാഷ്ട്ര എംബസികളുമായും വ്യാപാര സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്ധരുമായുമുള്ള പാനല്‍ ചര്‍ച്ചകള്‍, നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കാന്‍ നിക്ഷേപകരുമായുള്ള പാനല്‍ ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിംഗ്, മെന്‍റര്‍ സ്പീഡ് ഡേറ്റിംഗ്, നിക്ഷേപക കഫേ, കോര്‍പ്പറേറ്റ് നിക്ഷേപ പ്രഖ്യാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടല്‍, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഹഡില്‍ ഗ്ലോബല്‍ 2023 ന്‍റെ സവിശേഷതയാണ്.

സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 2006 ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ 4700 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ അധിഷ്ഠിതമാക്കിയുള്ള സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സ്റ്റാര്‍ട്ടപ്പ് ബിസിനസുകളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ലക്ഷ്യം.

രാജ്യം ഏറെ ആഘോഷിച്ച 2010 മുതല്‍ 2021 വരെ നീണ്ട 'ഡെക്കെഡ് ഓഫ് ഇന്നോവേഷന്‍' പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കേരളം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കുതിച്ചു ചാട്ടം നടത്തിയത്. കേരളത്തിലുടനീളം 425 ഇന്നൊവേഷന്‍ സെന്‍ററുകള്‍, 10 ലക്ഷത്തിലധികം ചതുരശ്ര അടി ഇന്‍കുബേഷന്‍ സ്ഥലസൗകര്യം, 64 ഇന്‍ക്യൂബേറ്ററുകള്‍, 23 മിനി ഫാസ്റ്റ്ലാബുകള്‍ എന്നിവയും സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുണ്ട്.

Tags:    

Similar News