ആള്‍ട്ട്മാനെ നീക്കം ചെയ്ത ബോര്‍ഡിനെതിരെ നിയമനടപടിക്കൊരുങ്ങി നിക്ഷേപകര്‍

എഐ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മുന്‍നിരക്കാരാണ് ഇന്ന് ഓപ്പണ്‍ എഐ;

Update: 2023-11-21 04:40 GMT
Investors prepare to take legal action against the board that removed Altman
  • whatsapp icon

ഓപ്പണ്‍ എഐയിലെ നിക്ഷേപകര്‍, സിഇഒ സാം ആള്‍ട്ട്മാനെ നീക്കം ചെയ്തതിനെത്തുടര്‍ന്ന് കമ്പനിയുടെ ബോര്‍ഡിനെതിരെ നിയമനടപടിക്കൊരുങ്ങുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് (നവംബര്‍ 17) ആള്‍ട്ട്മാനെ സിഇഒ സ്ഥാനത്തുനിന്നും പുറത്താക്കിയത്.

ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനായ ചാറ്റ് ജിപിടിയുടെ മാതൃ കമ്പനിയാണ് ഓപ്പണ്‍ എഐ. 2022 നവംബറിലാണു ചാറ്റ് ജിപിടി ലോഞ്ച് ചെയ്തത്. ലോഞ്ച് മുതല്‍ ചാറ്റ് ജിപിടി പോലെ തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു ആള്‍ട്ട്മാന്‍.

സിഇഒ സ്ഥാനത്തുനിന്നും ആള്‍ട്ട്മാനെ നീക്കം ചെയ്തതിനെ തുടര്‍ന്നു ഓപ്പണ്‍ എഐയിലെ 500 ഓളം ജീവനക്കാര്‍ രാജിവയ്ക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്.

സിഇഒ സ്ഥാനത്ത് ആള്‍ട്ട്മാനെ തിരികെയെത്തിക്കണമെന്നാണു ജീവനക്കാരുടെ ഡിമാന്‍ഡ്.

ഇത്രയും ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചാല്‍ ഓപ്പണ്‍ എഐയെ അത് വലിയ രീതിയില്‍ ബാധിക്കുമെന്നു ഭയപ്പെടുന്നുണ്ട് നിക്ഷേപകര്‍. ഇതാണു നിയമനടപടിക്കൊരുങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന ഘടകം.

ആള്‍ട്ട്മാന്റെ അപ്രതീക്ഷിത പുറത്താകലിനു ശേഷം ഓപ്പണ്‍ എഐ തകരുകയാണെങ്കില്‍, കമ്പനിയിലെ തങ്ങളുടെ ഗണ്യമായ നിക്ഷേപം നഷ്ടപ്പെട്ടേക്കുമെന്നു മിക്ക നിക്ഷേപകരും കണക്കുകൂട്ടുന്നുണ്ട്.

എഐ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മുന്‍നിരക്കാരാണ് ഇന്ന് ഓപ്പണ്‍ എഐ. ഇൗയൊരു ഘടകമാണു നിരവധി നിക്ഷേപകരെ ഓപ്പണ്‍ എഐയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചതും. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നിക്ഷേപകരെ ഇപ്പോള്‍ അസ്വസ്ഥമാക്കിയിരിക്കുകയാണ്.

മൈക്രോസോഫ്റ്റ് 49 ശതമാനം ഓഹരി നിക്ഷേപമാണു ഓപ്പണ്‍ എഐയില്‍ നടത്തിയിരിക്കുന്നത്. ജീവനക്കാര്‍ ഉള്‍പ്പെടെ മറ്റൊരു 49 ശതമാനം പേരും നിക്ഷേപം നടത്തിയിട്ടുണ്ട്.

ബാക്കിയുള്ള രണ്ട് ശതമാനം ഓഹരി മാത്രമാണ് ഓപ്പണ്‍ എഐ കമ്പനിയുടെ പേരിലുള്ളത്.

ഓപ്പണ്‍ എഐ ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലാഭേതര (നോണ്‍ പ്രോഫിറ്റ് ) സ്ഥാപനമാണ്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ നിക്ഷേപക താല്‍പ്പര്യങ്ങളെക്കാള്‍ പ്രാധാന്യം മാനുഷിക താല്‍പ്പര്യങ്ങള്‍ക്കാണ് നല്‍കുക. അതുകൊണ്ടു തന്നെ ഡയറക്ടര്‍ ബോര്‍ഡില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നത് നിക്ഷേപകര്‍ക്കല്ല, ജീവനക്കാര്‍ക്കാണെന്നാണു നിയമവൃത്തങ്ങള്‍ പറയുന്നത്.

നിക്ഷേപകര്‍ നിയമനടപടിയുമായി മുന്നോട്ടുപോയാലും കേസിന് ബലമുണ്ടാകില്ലെന്നും നിയമ വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News