തമിഴ്നാട്ടില്‍ വെയര്‍ഹൗസ് പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ ഇന്‍ഡോസ്പേസ്
- ആഗോള കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്
- ഇവയെ പിന്തുണയ്ക്കുന്ന ഒരു അനുബന്ധ ഇക്കോസിസ്റ്റം വികസിപ്പിക്കാന്‍ ഇന്‍ഡോസ്പേസ് സഹായിക്കുന്നു
- ഇന്‍ഡോസ്പേസ് തമിഴ്നാട്ടില്‍ 8.8 ദശലക്ഷം ചതുരശ്ര അടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്
തമിഴ്നാട്ടിലെ ഉല്‍പ്പാദന മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് ലോജിസ്റ്റിക് പാര്‍ക്ക് ഓപ്പറേറ്റര്‍ ഇന്‍ഡോസ്പേസ്. ഇതിനായി സംസ്ഥാനത്തെ പുതിയ ലോജിസ്റ്റിക്സ്, വെയര്‍ഹൗസ് പാര്‍ക്കുകളില്‍ കമ്പനി 4,500 കോടിരൂപയുടെ നിക്ഷേപം നടത്തും.
ഗ്രേഡ് എ ഇന്‍ഡസ്ട്രിയല്‍, ലോജിസ്റ്റിക്‌സ് റിയല്‍ എസ്റ്റേറ്റിന്റെ മുന്‍നിര ഡെവലപ്പറായ ഇന്‍ഡോസ്‌പേസ് കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് സര്‍ക്കാരുമായി സംസ്ഥാനത്തെ ലോജിസ്റ്റിക് വ്യവസായത്തില്‍ 2,000 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള പ്രാരംഭ കരാറില്‍ ഒപ്പുവച്ചിരുന്നു.
ഹ്യൂണ്ടായ്, നിസ്സാന്‍, ഫോക്സ്‌കോണ്‍, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ ആഗോള നിര്‍മ്മാതാക്കള്‍ക്ക് (ഒഇഎം) മുന്‍ഗണന നല്‍കുന്ന കേന്ദ്രമായി തമിഴ്നാട് തുടരുന്നു. ഇവയെ പിന്തുണയ്ക്കുന്ന ഒരു അനുബന്ധ ഇക്കോസിസ്റ്റം വികസിപ്പിക്കാന്‍ കമ്പനി സഹായിച്ചിട്ടുണ്ടെന്ന് ഇന്‍ഡോസ്പേസ് പറഞ്ഞു.
'ഇന്‍ഡോസ്പേസ് തമിഴ്നാട്ടിലെ പുതിയ ലോജിസ്റ്റിക്സ്, വെയര്‍ഹൗസ് പാര്‍ക്കുകളില്‍ 4,500 കോടി രൂപ വരെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഈ പാര്‍ക്കുകള്‍ സംസ്ഥാനത്തെ ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ വളരുന്ന നിര്‍മ്മാണ മേഖലകളെ പിന്തുണയ്ക്കും,' കമ്പനി അറിയിച്ചു.
ഈ നിക്ഷേപം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ ഇതിനകം വിശ്വസനീയമായ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പുറമെ 8,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍ഡോസ്‌പേസ് പറഞ്ഞു.
''തമിഴ്നാട് സര്‍ക്കാരുമായി അടുത്തിടെ ഒപ്പുവച്ച ധാരണാപത്രം ഉള്‍പ്പെടെയുള്ള ഞങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപങ്ങള്‍, ആഗോള ഉല്‍പ്പാദന ശക്തിയെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സാധ്യതകളിലുള്ള ഞങ്ങളുടെ ശക്തമായ വിശ്വാസത്തെ പ്രകടമാക്കുന്നു,'' എവര്‍സ്റ്റോണ്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വൈസ് ചെയര്‍മാന്‍ രാജേഷ് ജഗ്ഗി പറഞ്ഞു.
15 ഗ്രേഡ് എ പാര്‍ക്കുകള്‍ ഉള്‍പ്പെടുന്ന ഒരു പോര്‍ട്ട്ഫോളിയോ ഉപയോഗിച്ച്, ഇന്‍ഡോസ്പേസ് തമിഴ്നാട്ടില്‍ 8.8 ദശലക്ഷം ചതുരശ്ര അടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ 2 ദശലക്ഷം ചതുരശ്ര അടി അധികമായി നിര്‍മ്മാണത്തിലാണ്. കൂടാതെ 4.6 ദശലക്ഷം ചതുരശ്ര അടി ഭാവി വികസനത്തിനായി ആസൂത്രണം ചെയ്തിട്ടുമുണ്ട്.
649 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്കുകള്‍ ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, എഞ്ചിനീയറിംഗ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 66 കമ്പനികള്‍ക്ക് സേവനം നല്‍കുന്നു. പാന്‍ ഇന്ത്യയില്‍ ഇന്‍ഡോസ്പേസിന് 52 ലോജിസ്റ്റിക് പാര്‍ക്കുകളില്‍ സാന്നിധ്യം ഉണ്ട്.