രത്ന, സ്വർണ ആഭരങ്ങളുടെ കയറ്റുമതിയിൽ മാർച്ചിൽ 23.7 ശതമാനം ഇടിവ്
- മുഴുവൻ വർഷത്തിൽ കയറ്റുമതിയിൽ 2.48 ശതമാനത്തിന്റെ വർധന
- ശുദ്ധീകരിച്ച വജ്രങ്ങളുടെ കയറ്റുമതി 2.97 ശതമാനം കുറഞ്ഞു
- വെള്ളി ആഭരങ്ങളുടെ കയറ്റുമതി 16.02 ശതമാനം ഉയർന്ന് 23,492.71 കോടി രൂപയായി
രാജ്യത്തെ മൊത്തത്തിലുള്ള രത്ന, ആഭരണ കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം നേരിയ തോതിലുള്ള വർദ്ധനവ് മാത്രമാണ് ഉണ്ടായത്. പണപ്പെരുപ്പം, റഷ്യ-ഉക്രെയ്ൻ യുദ്ധം, ചൈനയിൽ തുടർന്ന ലോക്ക്ഡൗൺ മുതലായ ആഗോള വെല്ലുവിളികൾ കയറ്റുമതിയെ ബാധിച്ചു.
ഇതോടെ കയറ്റുമതി 2.48 ശതമാനത്തിന്റെ വർധനവോടെ 3,00,462.52 കോടി രൂപയായി. 2021 -22 സാമ്പത്തിക വർഷത്തിൽ ആഭരണ കയറ്റുമതിൽ 2,93,193.19 കോടി രൂപയായിരുന്നെന്ന് ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (ജിജെഇപിസി ) പുറത്തു വിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മാർച്ചിൽ ആഭരണ കയറ്റുമതി 21,501.96 കോടി രൂപയായി. മുൻ വർഷം ഇതേ മാസത്തിൽ റിപ്പോർട്ട് ചെയ്ത 28,198.36 കോടി രൂപയിൽ നിന്നും 23.75 ശതമാനം ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള 'കോമ്പ്രഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് എഗ്രിമെന്റ്' നിലവിൽ വന്നതോടെ സ്വർണ ആഭരണ കയറ്റുമതിയിൽ 17 ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്ന് ജിജെഇപിസി ചെയർമാൻ വിപുൽ ഷാ വ്യക്തമാക്കി.
കൂടാതെ ശുദ്ധീകരിച്ച വജ്രങ്ങളുടെ കയറ്റുമതി 2.97 ശതമാനം കുറഞ്ഞ് 1,76,696.95 കോടി രൂപയായി. അതിനു മുൻപുള്ള സാമ്പത്തിക വർഷത്തിൽ ഇത് 1,82,111.14 കോടി രൂപയായിരുന്നു. ആഗോള പ്രതിസന്ധികൾ യു എസ് , ചൈന അടക്കമുള്ള ഇന്ത്യയുടെ പ്രധാന വിപണികളിലെ വജ്രത്തിന്റെ ഡിമാന്റിനെ സാരമായി ബാധിച്ചു. യൂറോപ്പ്, സൗത്ത് ഏഷ്യ എന്നിവിടങ്ങളിൽ മെച്ചപ്പെട്ട സ്ഥിതിയായിരുന്നു.
വരും മാസങ്ങളിൽ വജ്ര വിഭാഗത്തിൽ സ്ഥിരത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷാ കൂടി ചേർത്തു.
അതെ സമയം സ്വർണ ആഭരണങ്ങളുടെ കയറ്റുമതി 11.13 ശതമാനം വർധിച്ച് 75635.72 കോടി രൂപയായി. തൊട്ടു മുൻപുള്ള സാമ്പത്തിക വർഷത്തിൽ ഇത് 68,062.41 കോടി രൂപയായിരുന്നു.
വെള്ളി ആഭരങ്ങളുടെ കയറ്റുമതി 16.02 ശതമാനം ഉയർന്ന് 23,492.71 കോടി രൂപയായി. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 20,248.09 കോടി രൂപയായിരുന്നു.