ഹൈഡ്രജന്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു
- ഹരിയാനയിലെ ജിന്ദ്-സോണിപട് സെക്ഷനിലാകും ആദ്യ സര്‍വീസ്
- ട്രയല്‍ റണ്ണിന് ശേഷം 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ റെയില്‍വെ ഇറക്കുമെന്ന് സൂചന
;

ലോകത്ത് വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായുള്ള ഹൈഡ്രജന്‍ ട്രെയിനുകള്‍ ഇനി ഇന്ത്യയ്ക്കും സ്വന്തമാകും. നിലവിലെ ഡെമു ട്രെയിനുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്താണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഇതിന്റെ പൈലറ്റ് പദ്ധതിയ്ക്ക് റെയില്‍വേ അനുമതി നല്‍കി.
നോര്‍ത്തേണ്‍ റെയില്‍വെ സോണില്‍ ഹരിയാനയിലെ ജിന്ദ്-സോണിപട് സെക്ഷനിലാകും ഈവര്‍ഷം ഡിസംബറോടെ ആദ്യ ഹൈഡ്രജന്‍ ഇന്ധനം നിറച്ച ട്രെയിനോടുക. പ്രോട്ടോടൈപ്പ് ട്രെയിനിനെ സംയോജിപ്പിച്ച് തയ്യാറാക്കുന്ന നടപടി ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നടക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേരിട്ടുള്ള മേല്‍നോട്ടം ഈ പരിസ്ഥിതി സൗഹൃദ പദ്ധതിക്കുണ്ടെന്നും അവര്‍ അറിച്ചു. ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ് പദ്ധതിപ്രകാരം 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ ട്രയല്‍ റണ്ണിന് ശേഷം റെയില്‍വെ ഇറക്കുമെന്നാണ് സൂചന.
80 കോടി രൂപ ഓരോ ട്രെയിനിനായും അതിന്റെ അടിസ്ഥാന വികസനത്തിനായി 70 കോടി രൂപയും നീക്കി വയ്ക്കും. വളരെ ശുദ്ധമായ ഇന്ധനമായതിനാല്‍ ഇന്ത്യയുടെ സീറോ കാര്‍ബണ്‍ ബഹിര്‍ഗമന പദ്ധതിയ്ക്ക് യോജിച്ചതാണ് ഹൈഡ്രജന്‍ ട്രെയിന്‍. എട്ട് പരമ്പരാഗത റൂട്ടുകളില്‍ ആറ് ചെയര്‍കാറുകളുള്ള ട്രെയിനുകള്‍ ഓടിക്കാനാണ് തീരുമാനം. നിലവില്‍ ചൈന,ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഹൈഡ്രജന്‍ ട്രെയിനുകളുള്ളത്.