2030 ഓടെ വിദേശയാത്രാ ചെലവഴിക്കലിൽ ഇന്ത്യ നാലാമതെത്തും, മക്കൻസി

2030 ല്‍ ഇന്ത്യക്കാര്‍ 500 കോടിയോളം യാത്രകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടിലെ പ്രതീക്ഷ

Update: 2023-11-02 11:04 GMT

ബുക്കിംഗ് ഡോട്ട്‌കോം, മക്കന്‍സി എന്നിവ ചേര്‍ന്ന് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്  2030 ഓടെ ആഗോള യാത്രകള്‍ക്കായി പണം ചെലവഴിക്കുന്ന ലോകത്തിലെ നാലാമത്തെ സമൂഹമായി  ഇന്ത്യക്കാര്‍ മാറുമെന്നാണ്.

എന്നാൽ  കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ നടത്തിയ യാത്രകളില്‍ ഒരു ശതമാനം മാത്രമായിരുന്നു രാജ്യത്തിനു പുറത്തേക്കുള്ളത്. ഇത് 2030 വരെ തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2030 ല്‍ ഇന്ത്യക്കാര്‍ 500 കോടിയോളം യാത്രകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടിലെ പ്രതീക്ഷ. അതില്‍ ഒരു ശതമാനം വിദേശ യാത്രകളാണെങ്കില്‍ അത് 50 ദശലക്ഷത്തോളം യാത്രകള്‍ വരെ വരും.

ബുക്കിംഗ് ഡോട്ട്‌കോം, മക്കന്‍സി എന്നിവയുടെ 2019 ലെ റിപ്പോര്‍ട്ടനുസരിച്ച് യുഎസ്, ചൈന, ജര്‍മ്മനി എന്നിവയാണ് ആഗോള യാത്രകള്‍ക്കായി ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അന്ന് ഇന്ത്യയുടെ സ്ഥാനം ആറാമത് ആയിരുന്നു.

വിദേശ യാത്രകള്‍ക്കുള്ള മൊത്തം ചെലവ് നിലവിലെ 25 ശതമാനത്തില്‍ നിന്നും ഏകദേശം 35 ശതമാനമായി ഉയരുമെന്നും പഠനം വ്യക്തമാക്കുന്നു.

2030 ല്‍ അഞ്ഞൂറ് കോടിയിലധികം യാത്രകള്‍ ഇന്ത്യക്കാര്‍ നടത്തുമ്പോള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ ചെലവഴിക്കല്‍ 41,000 കോടി ഡോളറിന്റേതാകുമെന്നാണ് പഠനം പ്രതീക്ഷവെയ്ക്കുന്നത്. ഇത് 2019 ലെ 1,5000 കോടി ഡോളറിനേക്കാള്‍ 170 ശതമാനം ഉയര്‍ന്ന ചെലവഴിക്കലാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കൂടുതല്‍ ആളുകള്‍ തൊഴില്‍ മേഖലകളിലേക്ക് പ്രവേശിക്കുന്നതോടെ, രാജ്യത്തിന്റെ പ്രതിശീര്‍ഷ ഗാര്‍ഹിക ചെലവഴിക്കല്‍ വര്‍ധിക്കും. ഇത് ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് തുടങ്ങിയ ഏഷ്യയിലെ മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.

ഏകദേശം 13 ദശലക്ഷം കുടുംബങ്ങളില്‍ 35,000 ഡോളറിന്റെ വരുമാനമാണ് പഠനം കണക്കാക്കുന്നത്. ഇത് 2020 ലേതില്‍ നിന്നും വെറും രണ്ട് ദശലക്ഷത്തിന്റെ വര്‍ധനമാത്രമാണെന്നും പഠനം പറയുന്നു.

ഇന്ത്യയുടെ ഗതാഗത മേഖലയിലെ പുരോഗതിക്കായി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ചെലവഴിച്ചത് 20,000 കോടി ഡോളറാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 2014 ലെ 74 ൽ ന്നും ഇപ്പോള്‍ 148 ആയതായി  ബുക്കിംഗ് ഡോട്ട്‌കോം, മക്കന്‍സി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരുടെ യാത്ര പ്രേമം കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ 1,000 ല്‍ അധികം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ 2030 ല്‍ ഇന്ത്യയിലെ മൊത്തം വിമാനങ്ങളുടെ എണ്ണം 1,500 മുതല്‍ 1,700 വരെയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോൾ ടാറ്റായുടെ ഉടമസ്ഥതയിലുള്ള  ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ജൂണില്‍ 470 എയര്‍ബസ്, ബോയിംഗ് വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇത് കമ്പനിയുടെ 7,000 കോടി ഡോളറിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു.

ആഭ്യന്തര യാത്ര

ചെലവഴിക്കാനുള്ള ശേഷി വര്‍ധിച്ചിട്ടും ഇന്ത്യക്കാര്‍ ഇപ്പോഴും ഇന്ത്യയ്ക്കകത്ത് അവരുടെ  യാത്രകള്‍  ഒതുക്കി നിർത്താൻ ഇഷ്ടപ്പെടുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ വലിയ നഗരങ്ങള്‍ക്ക് പുറമേ വാരണാസി, കോയമ്പത്തൂര്‍, കൊച്ചി തുടങ്ങിയവയും ജനപ്രിയ യാത്രാ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 35,000 ഡോളര്‍ വരുമാനമുള്ള കുടുംബങ്ങളുടെ എണ്ണത്തിൽ ആറ് മടങ്ങ് വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ യാത്രക്കാര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഹ്രസ്വ യാത്രകള്‍ക്ക് പകരം ഒന്നിലധികം ദീർഘ  യാത്രകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നുവെന്നും ഈ മേഖലകളിലുള്ളവര്‍ വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളായ ഓസ്‌ട്രേലിയ (24%), ജര്‍മ്മനി (23%), യുഎസ് (15%) എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളേക്കാള്‍ 2022 ല്‍ 29 ശതമാനത്തോളം ഇന്ത്യക്കാർ  യാത്രകള്‍ക്കായി 25 ദിവസത്തിലധികം അവധിയെടുത്തു.

പലപ്പോഴും ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ലഭിക്കുന്ന പ്രചോദനമുള്‍ക്കൊണ്ട് സവിശേഷവും ആധികാരികവും ആഴത്തിലുള്ളതുമായ യാത്രാ അനുഭവങ്ങള്‍ പരീക്ഷിക്കാന്‍ തയ്യാറാണ്. ്അതുകൊണ്ട് തന്നെ ഇന്ത്യക്കാരുടെ യാത്രകളില്‍ കൂടുതല്‍ പരീക്ഷണാത്മകത കാണാം. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ യാത്ര ചെയ്യുന്നത്.

Tags:    

Similar News