ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആറ് ലക്ഷം കോടി ഡോളറാകും
- സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ വാരാന്ത്യ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍
- ആളോഹരി വരുമാനത്തിലും കുതിച്ചുചാട്ടം ഉണ്ടാകും
- മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും
ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2030 ഓടെ ഏകദേശം 70 ശതമാനം വര്‍ധിച്ച് 2450 ഡോളറില്‍ നിന്ന് 4,000 ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് ആറ് ലക്ഷംകോടി ഡോളര്‍ ജിഡിപിയുള്ള ഇടത്തരം വരുമാനമുള്ള രാജ്യമായി മാറാന്‍ സഹായിക്കുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ വാരാന്ത്യ റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ ആളോഹരി വരുമാനം 2001-ല്‍ 460 ഡോളറില്‍ നിന്ന് 2011-ല്‍ 1,413 ഡോളറായും 2021-ല്‍ 2,150 ഡോളറായും ഉയര്‍ന്നു. ഇന്ത്യയുടെ നാമമാത്രമായ ജിഡിപി വളര്‍ച്ചാ നിരക്ക് ഇനി മുതല്‍ പ്രതിവര്‍ഷം 10 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് അനുമാനിക്കുന്നു.
ഏറ്റവും വലിയ വളര്‍ച്ചാ പ്രേരകമാകുന്നത് വിദേശവ്യാപാരമായിരിക്കും. ഇത് ഇന്ത്യയുടെ ജിഡിപി 1.2ലക്ഷം കോടി ഡോളറില്‍നിന്ന് 2030ഓടെ 2.1 ലക്ഷംകോടി ഡോളറായി മാറുന്നതിന് സഹായിക്കും.
രണ്ടാമത്തെ വളര്‍ച്ചാ പ്രേരകമാകുക ഗാര്‍ഹിക ഉപഭോഗമായിരിക്കും. ഇത് 2030 ഓടെ 3.4 ലക്ഷംകോടി ഡോളറായാകും ഉയരുക. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ നിലവിലെ വലുപ്പത്തേക്കാള്‍ വലുതാണ്.
തന്റെ അടുത്ത ഭരണകാലത്ത് സമ്പദ് വ്യവസ്ഥ 5 ലക്ഷംകോടി ഡോളറായി മാറുമെന്ന് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. യുഎസിനും ചൈനയ്ക്കും ശേഷം മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. നിലവില്‍ ജപ്പാന്‍ മൂന്നാം സ്ഥാനത്തും ജര്‍മ്മനി നാലാമതുമാണ്.
4,000 ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുള്ള ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ വളരുമെന്നും കണക്കുകള്‍ പറയുന്നു. നിലവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം തെലങ്കാനയിലാണ് ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം (275,443 രൂപ). തൊട്ടുപിന്നില്‍ കര്‍ണാടകയും (265,623 രൂപ) അതിനുശേഷം തമിഴ്നാടും (241131 രൂപ) പിന്നീട് കേരളവും(230601 രൂപ) ആന്ധ്രാപ്രദേശും (207771 രൂപ) പട്ടികയില്‍ വരുന്നു. കഴിഞ്ഞ ആഴ്ച, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം 2030ഓടെ ഗുജറാത്ത് പട്ടികയില്‍ ഒന്നാമതെത്തുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഹരിയാന, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നാലെയുണ്ടാകും. 2030-ഓടെ പ്രതിശീര്‍ഷ ജിഡിപി 6,000 ഡോളറായിരിക്കും.
മറുവശത്ത്, ജനസംഖ്യയുടെ 25 ശതമാനം വരുന്ന ഉത്തര്‍പ്രദേശും ബീഹാറും ചേര്‍ന്ന് 2030 സാമ്പത്തിക വര്‍ഷത്തില്‍ പോലും പ്രതിശീര്‍ഷ വരുമാനം 2,000 ഡോളറില്‍ താഴെയായിരിക്കും, അത് 2020 ലെ നിലവാരത്തിന്റെ ഇരട്ടിയാകും.
അധ്വാനിക്കുന്ന പ്രായത്തിലുള്ള ജനസംഖ്യ ഉയര്‍ന്ന വിഹിതമായി തുടരും. 2020-ല്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ പങ്ക് 64.2 ശതമാനമായിരുന്നു, ഇത് 2030-ഓടെ 64.8 ശതമാനമായി ഉയരും.