എഫ്ടിഎ: ഇന്ത്യ-യുകെ ചര്‍ച്ചകള്‍ ഓഗസ്റ്റ് അവസാനം വരെ തുടരും
- ഓഗസ്റ്റ് ചര്‍ച്ചകള്‍ക്കുശേഷം ഉയര്‍ന്നതലത്തില്‍ അവലോകനം നടത്തും
- ഇതുവരെ എഫ്ടിഎയില്‍ 12 റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു
- കുടിശ്ശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്ടിഎ) അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ-യുകെ ഉദ്യോഗസ്ഥര്‍ മാസാവസാനം വരെ ചര്‍ച്ചകള്‍ തുടരുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഈ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഉന്നതതല അവലോകനം നടത്തുക.
ജയ്പൂരില്‍ നടന്ന ജി20 ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മിനിസ്റ്റേഴ്സ് മീറ്റിംഗിന് (ടിഐഎംഎം) ശേഷം, ചര്‍ച്ചകളുടെ പുരോഗതി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും യുകെയുടെ വാണിജ്യ സെക്രട്ടറി കെമി ബാഡെനോക്കും വിലയിരുത്തി. ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ ഓഗസ്റ്റ് അവസാനം വരെ ചര്‍ച്ചകള്‍തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
ഇപ്പോള്‍ എഫ്ടിഎ സംബന്ധിച്ച് 12 റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ചര്‍ച്ചകളില്‍ ഇരുവിഭാഗവും സംതൃപ്തി പ്രകടിപ്പിച്ചു. അടുത്ത റൗണ്ട് ചര്‍ച്ചകളും വിജയിക്കുമെന്ന ആത്മവിശ്വാസവും ഇരു രാജ്യങ്ങള്‍ക്കുമുണ്ട്.
നിലവിലെ ചര്‍ച്ചകളുടെ അവസ്ഥയെക്കുറിച്ചും ഇനി പരിഹരിക്കാനുള്ള കുടിശ്ശിക പ്രശ്‌നങ്ങളെക്കുറിച്ചും അതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെക്കുറിച്ചും രണ്ട് ചീഫ് നെഗോഷ്യേറ്റര്‍മാരും മന്ത്രിമാരെ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് മികച്ച കരാറിനായുള്ള ശ്രമങ്ങള്‍ തുടരാന്‍ മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്ന ന്യായമായ, സന്തുലിതവും, പരസ്പര പ്രയോജനകരവുമായ ഒരു വ്യാപാര ഇടപാടാണ് ഇന്ത്യയും യുകെയും ആഗ്രഹിക്കുന്നത്. കരാര്‍ നടപ്പാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധത ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഗോയലും സ്വിസ് സ്റ്റേറ്റ് സെക്രട്ടറി ഹെലന്‍ ബഡ്ലിഗര്‍ ആര്‍ട്ടിഡയും ചര്‍ച്ച നടത്തിയതായി മന്ത്രാലയം പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയും ഇഎഫ്ടിഎയും (യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍) തമ്മിലുള്ള വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (ടിഇപിഎ) നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളിലെ പുരോഗതി അവര്‍ അവലോകനം ചെയ്തു. ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് ഇഎഫ്ടിഎ അംഗങ്ങള്‍.