നിര്‍ദ്ദിഷ്ട സാമ്പത്തിക ഇടനാഴി വിതരണശൃംഖലയെ ശക്തമാക്കും

  • പദ്ധതി ഗെയിം ചേഞ്ചര്‍ പ്രോജക്‌റ്റെന്ന് ഇഇപിസി ഇന്ത്യ
  • രാജ്യത്തെ സംബന്ധിച്ചിടത്തോളം മിഡില്‍ ഈസ്റ്റും യൂറോപ്പും പ്രധാന വിപണികള്‍

Update: 2023-09-11 10:32 GMT

ഉച്ചകോടിയില്‍ പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട 'ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി' ഒരു ഗെയിം ചേഞ്ചര്‍ പ്രോജക്റ്റാണെന്ന് എഞ്ചിനീയറിംഗ് എക്സ്പോര്‍ട്ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഇന്ത്യ (ഇഇപിസി ഇന്ത്യ). ഇത് ആഗോള വ്യാപാരത്തിന് വലിയ പ്രചോദനം നല്‍കുമെന്നും ആഗോള വിതരണ ശൃംഖലയെ കൂടുതല്‍ സുസ്ഥിരമാക്കുമെന്നും ഇഇപിസി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ഗരോഡിയ പറഞ്ഞു.

ഇന്ത്യയെ യൂറോപ്പുമായി മിഡില്‍ ഈസ്റ്റ് വഴി കടല്‍ വഴിയും റെയില്‍വഴിയും ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ഭൂഖണ്ഡങ്ങളിലുടനീളമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ചലനത്തെ പുനര്‍നിര്‍വചിക്കും. കാരണം ഇത് ലോജിസ്റ്റിക് ചെലവുകള്‍ കുറയ്ക്കുകയും വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കുകയും ചെയ്യും, ഗരോഡിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതി മേഖലയെ സംബന്ധിച്ചിടത്തോളം, മിഡില്‍ ഈസ്റ്റും യൂറോപ്പും പ്രധാന വിപണികളാണെന്നും, ഈ തോതിലുള്ള ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്ളത് ആഗോളതലത്തില്‍ അതിന്റെ മത്സരക്ഷമതയെ വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയിലെ നിക്ഷേപം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഏറ്റവും പ്രധാനമായി കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഗരോഡിയ പറഞ്ഞു. കണക്ടിവിറ്റി സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും മാനിക്കുന്നതില്‍ ഊന്നല്‍ നല്‍കിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന് ബദലായി പലരും കാണുന്ന പുതിയ സാമ്പത്തിക ഇടനാഴി, അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ സംയുക്തമായാണ് പ്രഖ്യാപിച്ചത്.

ആഫ്രിക്കന്‍ യൂണിയനെ ജി20ല്‍ ഉള്‍പ്പെടുത്തുന്നതും ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ പ്രഖ്യാപനവും വ്യാപാരത്തെയും നിക്ഷേപത്തെയും ഗുണപരമായി ബാധിക്കുകയും സുസ്ഥിര വളര്‍ച്ചാ പാതകള്‍ രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്ന മറ്റ് രണ്ട് പ്രധാന സംഭവവികാസങ്ങളാണെന്ന് ഇഇപിസി ഇന്ത്യ അഭിപ്രായപ്പെട്ടു.

Tags:    

Similar News