ചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തി
- ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവിനാണ് ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിയത്
- അഞ്ച് വര്‍ഷത്തേക്കാണ് നടപടി
- ടണ്ണിന് 986 ഡോളര്‍ വരെയാണ് തീരുവ
;
ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത് ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഒരു രാസവസ്തുവിന് ആന്റി-ഡംപിംഗ് തീരുവ ചുമത്തിയതായി ധനമന്ത്രാലയം. അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യ ടണ്ണിന് 986 ഡോളര്‍ വരെയാണ് തീരുവ ചുമത്തിയതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ആഭ്യന്തര വ്യവസായത്തെ വിലകുറഞ്ഞ ഇന്‍ബൗണ്ട് ഷിപ്പ്മെന്റുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടിയാണിത്.
'ട്രൈക്ലോറോ ഐസോസയനൂറിക് ആസിഡിന്' തീരുവ ചുമത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസിന്റെ (ഡിജിടിആര്‍) ശുപാര്‍ശകളെ തുടര്‍ന്നാണ് തീരുമാനം.
ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത വസ്തുക്കള്‍ കാരണം ആഭ്യന്തര വ്യവസായത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് അതിന്റെ ശുപാര്‍ശകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളാണ്.
ആരോപണവിധേയമായ ഡംപിംഗ് അന്വേഷണം നടത്തി തീരുവ ശുപാര്‍ശ ചെയ്യുന്നത് ഡിജിടിആറാണെങ്കിലും, അന്തിമ തീരുമാനം ധനകാര്യ മന്ത്രാലയത്തിന്റേതാണ്. വില കുറഞ്ഞ ഇറക്കുമതിയിലെ വര്‍ധനവ് മൂലം തങ്ങളുടെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷമാണ് നടപടി.
ന്യായമായ വ്യാപാരം ഉറപ്പാക്കുന്നതിനും ആഭ്യന്തര വ്യവസായത്തിന് തുല്യമായ ഒരു അവസരം നല്‍കുന്നതിനുമാണ് ഡംപിംഗ് വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നത്.