ശരാശരി മണ്‍സൂണ്‍ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്
- എല്‍ നിനോയ്ക്കു ശേഷം ലാ നിന
- കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാവുകയാണ് രാജ്യവും
;

ഇത്തവണ കുട കരുതിവെക്കാം, മഴ തകര്‍ത്തു പെയ്യും. മണ്‍സൂണിന്റെ വരവ് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 2024ല്‍ ഇന്ത്യയില്‍ ശരാശരി മണ്‍സൂണ്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇത് കാര്‍ഷിക ഉല്‍പ്പാദനത്തിനായി മഴയെ ആശ്രയിക്കുന്ന രാജ്യത്തിന് വളരെ വലിയ ആശ്വാസമാണ്.
സാധാരണയായി മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് കേരള സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് എത്തുകയും സെപ്റ്റംബര്‍ പകുതിയോടെ പിന്‍വാങ്ങുകയും ചെയ്യും. ഈ വര്‍ഷം മണ്‍സൂണ്‍ ദീര്‍ഘകാല ശരാശരിയുടെ 106 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രന്‍ പറഞ്ഞു.
ഇപ്പോള്‍ എല്‍ നിനോ പ്രതിഭാസം കൊണ്ടുണ്ടാകുന്ന കൊടും ചൂട് രാജ്യത്ത് ഉണ്ട്. ഇപ്പോള്‍ ലഭിക്കുന്ന വേനല്‍മഴ ഈ ചൂടിനെ മാറ്റാന്‍ പര്യാപ്തമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാവുകയാണ് ഇന്ത്യയും എന്ന് വര്‍ഷം തോറും മാറിവരുന്ന കഠിനമായ അന്തരീക്ഷ സ്ഥിതി നമ്മെ പഠിപ്പിക്കുന്നു. വര്‍ഷം തോറു ഇനി ചൂടു കൂടി വരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ശുദ്ധജലം കിട്ടാക്കനിയാകാന്‍ അധികം വര്‍ഷങ്ങള്‍ വേണ്ടിവരില്ല എന്നു സാരം.
എല്‍ നിനോയ്ക്കുശേഷം ലാ നിനയുടെ വരവാണ്. അത് ശക്തമായ മഴ ഇവിടെ രേഖപ്പെടുത്തും. സാധാരണ മണ്‍സൂണിനെക്കാള്‍ കൂടുതല്‍ മഴയുണ്ടാകുമെന്ന് നേരത്തെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. മഴക്കെടുതികള്‍ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയേറെയാണെന്നും ഇതില്‍നിന്ന് അനുമാനിക്കാം.