ലഡാക്കില്‍ സൈനിക പിന്മാറ്റം ആരംഭിച്ചു

  • അതിര്‍ത്തി തര്‍ക്കത്തില്‍ ഇത് പ്രധാന വഴിത്തിരിവായി
  • എന്നാല്‍ ഇനിയും നിരവധി തര്‍ക്ക പ്രദേശങ്ങള്‍ എല്‍എസിയുണ്ടെന്നും റിപ്പോര്‍ട്ട്
  • ആശയവിനിമയവും സഹകരണവും ഇരു രാജ്യങ്ങളും ശക്തമാക്കുമെന്ന് പ്രതീക്ഷ

Update: 2024-10-25 06:31 GMT

ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ രണ്ട് തര്‍ക്ക പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യം പിന്മാറ്റം തുടങ്ങിയതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കിഴക്കന്‍ ലഡാക്ക് സെക്ടറിലെ ഡെംചോക്ക്, ഡെപ്‌സാങ് സമതലങ്ങളാണ് രണ്ട് സംഘര്‍ഷ സ്ഥലങ്ങള്‍.

നാല് വര്‍ഷമായി തുടരുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ ഇത് ഒരു പ്രധാന വഴിത്തിരിവാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിംഗും സൈനിക പിന്മാറ്റവും സംബന്ധിച്ച് ഇരുപക്ഷവും ഒരു കരാറിന് അന്തിമരൂപം നല്‍കിയതിന് പിന്നാലെയാണ് ഇത്.

കരാറിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി റഷ്യയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ലഡാക്ക് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ഇരു നേതാക്കളും പരസ്പരം ഔപചാരികമായി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്. കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പൊതുവായ ധാരണയിലെത്തി .

20 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് കാരണമായ 2020 ലെ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വര ഏറ്റുമുട്ടലിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നാല് പതിറ്റാണ്ടിനിടെ ഏറ്റവും വഷളായ സ്ഥിതിയിലെത്തിയിരുന്നു.

ഒന്നിലധികം സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമരൂപം നല്‍കിയ ഉടമ്പടി, അവശേഷിക്കുന്ന രണ്ട് ഫ്‌ലാഷ് പോയിന്റുകളായ ഡെപ്സാംഗ് സമതലങ്ങളെയും ഡെംചോക്കിനെയും കുറിച്ച് ഒരു ധാരണ ഉറപ്പാക്കി.

എല്‍എസിയിലെ മൊത്തം പെട്രോളിംഗ് പോയിന്റുകളില്‍ ഏകദേശം 11 എണ്ണം 2020 മെയ് മുതല്‍ തര്‍ക്കത്തിലാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കസാന്‍ കൂടിക്കാഴ്ചയുടെയും ശേഷം, തന്ത്രപരമായ പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ആശയവിനിമയവും സഹകരണവും ഇരുപക്ഷവും ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉഭയകക്ഷി ബന്ധം എത്രയും വേഗം സുസ്ഥിരമായ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും തയ്യാറാണെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ചൈന അറിയിച്ചു.

Tags:    

Similar News