2040-ല്‍ മനുഷ്യനെ ഇന്ത്യ ചന്ദ്രനിലിറക്കും, 2035-ല്‍ ബഹിരാകാശനിലയം സ്ഥാപിക്കും

മനുഷ്യ സംഘത്തെ ഭ്രമണപഥത്തിലെത്തിച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിക്കുന്നതാണു ഗഗന്‍യാന്‍ ദൗത്യം;

Update: 2023-10-17 11:45 GMT

ബഹിരാകാശ സഞ്ചാരിയെ 2040-ല്‍ ചന്ദ്രനിലിറക്കാനും 2035-ഓടെ ബഹിരാകാശനിലയം സ്ഥാപിക്കാനും ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി ബഹിരാകാശ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം നിര്‍ദേശിച്ചത്.

2023 ഒക്ടോബര്‍ 21ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രാവിലെ 7നും 9നുമിടയില്‍ ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം നടക്കും.

മനുഷ്യ സംഘത്തെ ഭ്രമണപഥത്തിലെത്തിച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിക്കുന്നതാണു ഗഗന്‍യാന്‍ ദൗത്യം.

ഈ വര്‍ഷം ഓഗസ്റ്റ് 23-നു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ഇന്ത്യയുടെ ചന്ദ്രയാന്‍ 3-ല്‍ നിന്നുള്ള വിക്രം ലാന്‍ഡര്‍ ലാന്‍ഡ് ചെയ്തതോടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കു പുതിയ ഉണര്‍വ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ആദിത്യ എല്‍ 1 ദൗത്യവും വിജയകരമായി മാറിയിരുന്നു.

2035-ഓടെ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ (ഇന്ത്യയുടെ ബഹിരാകാശ നിലയം) സ്ഥാപിക്കാനും 2040-ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ശ്രമിക്കണമെന്നു യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

Tags:    

Similar News