ജോലിയിലെ അശ്രദ്ധ, കുറ്റകൃത്യം; സർക്കാർ ജീവനക്കാരുടെ പെൻഷൻ റദ്ദാക്കും
- ചട്ടം 2022 ഒക്ടോബർ മുതൽ നിലവിലുള്ളതാണെങ്കിലും ഇത് കൂടുതൽ കർക്കശമാക്കാനാണ് നിർദേശം
- ഗ്രാറ്റുവിറ്റിയും പെൻഷനും നിർത്തലാക്കാം
- കഴിഞ്ഞ സാമ്പത്തികവർഷം 2,07,132 കോടി രൂപയാണ് വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പെൻഷനായി നൽകിയത്
ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷൻ, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തടയുന്നതിനുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. ജോലിക്കിടെ ജീവനക്കാരനു സംഭവിക്കുന്ന അശ്രദ്ധയുടെയും പിഴവിന്റെയും പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കൂടുതൽ കർക്കശമാക്കാനാണ് നിർദേശം.
സെൻട്രൽ സിവിൽ സർവിസസ് (പെൻഷൻ) റൂൾസ് 2021 നിയമത്തിലെ എട്ടാം ചട്ടം ഭേദഗതി പ്രകാരം കേന്ദ്ര സർവിസ് ജീവനക്കാർ ജോലിക്കിടെ ഗുരുതരമായ കുറ്റകൃത്യമോ അശ്രദ്ധയോ കാണിച്ചാൽ വിരമിച്ച ശേഷം അവരുടെ ഗ്രാറ്റുവിറ്റിയും പെൻഷനും നിർത്തലാക്കാം. ഈ ചട്ടം 2022 ഒക്ടോബർ മുതൽ നിലവിലുള്ളതാണെങ്കിലും ഇത് കൂടുതൽ കർക്കശമാക്കാനാണ് നിർദേശം.
മാറിയ ചട്ടം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ എല്ലാ അധികാരികൾക്കും കേന്ദ്രം അയച്ചിട്ടുണ്ട്. ജീവനക്കാരൻ കുറ്റം ചെയ്തതായി വിവരം ലഭിച്ചാൽ അവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും തടയാൻ നടപടിയെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർവിസിലും പ്രത്യേക കേസുകളിൽ ജീവനക്കാരുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും തടഞ്ഞുവയ്ക്കാറുണ്ട്.
ചട്ടപ്രകാരം ജോലിക്കിടെ ജീവനക്കാർക്കെതിരേ എന്തെങ്കിലും വകുപ്പുതലജുഡീഷ്യൽ നടപടി എടുത്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കണം. വിരമിച്ച ജീവനക്കാരന് പെൻഷനോ ഗ്രാറ്റുവിറ്റിയോ ലഭിച്ച ശേഷം അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പെൻഷൻ അല്ലെങ്കിൽ ഗ്രാറ്റുവിറ്റി പൂർണമായോ ഭാഗികമായോ വീണ്ടെടുക്കാനും പുതിയ നിയമം സർക്കാരിന് അധികാരം നൽകുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം 2,07,132 കോടി രൂപയാണ് വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പെൻഷനായി നൽകിയത്. മുൻവർഷത്തേക്കാൾ നാലു ശതമാനം കൂടുതലാണിത്. കേരളത്തിൽ 1500 കോടി രൂപയാണ് പ്രതിമാസ പെൻഷനു വേണ്ടി ചെലവിടുന്നത്.