ഇന്ത്യയിലെ 3500-ലധികം വായ്പ ആപ്പുകള്‍ക്കെതിരേ നടപടി എടുത്തെന്ന് ഗൂഗിള്‍
- ആഗോളതലത്തില്‍ 2 ബില്യൺ ഡോളറിന്റെ വഞ്ചനാപരമായ ഇടപാടുകള്‍ തടഞ്ഞു
- പ്രൈവസി സാന്‍ഡ് ബോക്സ് ബീറ്റ വേര്‍ഷന്‍ ഉടന്‍ ലഭ്യമാകും
പ്ലേ സ്റ്റോറിന്‍റെ നയമാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 2022-ൽ ഇന്ത്യയിൽ 3,500-ലധികം വായ്പാ ആപ്ലിക്കേഷനുകൾക്കെതിരെ ആപ്പുകള്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഗൂഗിൾ. ആ വര്‍ഷം ആഗോള തലത്തില്‍, മാനദണ്ഡങ്ങള്‍ പാലിക്കാത്ത 1.43 മില്യണ്‍ ആപ്പുകളെ തടഞ്ഞുവെന്നും ഒരു ബ്ലോഗിലൂടെ കമ്പനി വ്യക്തമാക്കി.
സംശയകരമായ 173,000 മോശം അക്കൗണ്ടുകൾ നീക്കം ചെയ്യുകയും അതിലൂടെ 2022-ൽ 2 ബില്യൺ ഡോളറിന്റെ വഞ്ചനാപരമായ ഇടപാടുകൾ തടയുകയും ചെയ്തു. നയങ്ങൾ പതിവായി അപ്ഡേറ്റ് ചെയ്തുകൊണ്ട് ആപ്ലിക്കേഷനുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാനുള്ള പരിശ്രമങ്ങളും അവലോകനങ്ങളും തുടരുകയാണെന്ന് കമ്പനി പറയുന്നു.
2023-ൽ പരസ്യങ്ങളുടെ കാര്യത്തില്‍ കൂടുതലായി സ്വകാര്യതയെ മാനിക്കുന്ന സമീപനം സ്വീകരിക്കും. പുതുക്കിയ സ്വകാര്യതാ ഫീച്ചറുകള്‍ പരിമിതമായ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ അധികം താമസിയാതെ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കുമ്പോള്‍ തന്നെ ക്രോസ് സൈറ്റ്, ക്രോസ് ആപ്പ് ട്രാക്കിംഗുകള്‍ പരിമിതപ്പെടുത്തുന്ന ഫീച്ചറാണ് പ്രൈവസി സാന്‍ഡ് ബോക്സ്.