പേറ്റന്‍റ് ലംഘനം: ഗൂഗിളിന് $32.5 മില്യൺ പിഴ

  • സോനോസിന്‍റെ പരാതിയില്‍ മുമ്പും ഗൂഗിളിനെതിരേ വിധി
  • നൂറോളം പേറ്റന്‍റുകള്‍ ഗൂഗിള്‍ ലംഘിച്ചെന്ന് ആരോപണം
  • സോനോസിനെതിരേ ഗൂഗിളിനും കേസ്

Update: 2023-05-29 03:21 GMT

ഹൈടെക് ഓഡിയോ ടെക്‌നോളജി കമ്പനിയായ സോനോസിന് 32.5 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്ന് യുഎസിലെ കോടതി ഗൂഗിളിനോട് ഉത്തരവിട്ടു. ഗൂഗിളിന്റെ സ്മാർട്ട് സ്പീക്കറുകളും മീഡിയ പ്ലെയറുകളും സോനോസിന്‍റെ പേറ്റന്റുകളിലൊന്നിനെ ലംഘിക്കുന്നതാണെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. വിറ്റഴിക്കപ്പെട്ട 14 ദശലക്ഷത്തിലധികം ഡിവൈസുകളില്‍ ഓരോന്നിനും 2.30 ഡോളർ എന്ന നിലയില്‍ പിഴ നല്‍കണമെന്നാണ് ഉത്തരവ്,

ഹൈടെക് സ്പീക്കര്‍ ആന്‍ഡ് ഓഡിയോ ടെക്നോളജി കമ്പനിയായ സോനോസിന്‍റെ അഞ്ച് പേറ്റന്റുകൾ സ്മാർട്ട് സ്പീക്കറുമായി ബന്ധപ്പെട്ട് ഗൂഗിൾ ലംഘിച്ചതായി കഴിഞ്ഞ വർഷം ജനുവരിയിൽ യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ (ഐടിസി) വിധിച്ചിരുന്നു. സോനോസ് പേറ്റന്റുകൾ ഗൂഗിൾ ലംഘിച്ചതായി കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഒരു യുഎസ് ജഡ്ജി വിധിച്ചിരുന്നു.

വയർലെസ് സ്പീക്കർ ഡിസൈൻ പകർത്തിയെന്നാരോപിച്ച് 2020 ജനുവരിയിൽ, ടെക് ഭീമനായ ഗൂഗിളിനെതിരെ സോനോസ് ആദ്യം ഐടിസിയെ സമീപിച്ചത്. ലാപ്‌ടോപ്പുകൾ, ഫോണുകൾ, സ്പീക്കറുകൾ തുടങ്ങിയ ഗൂഗിൾ ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നും സോനോസ് തങ്ങളുടെ ഹർജിയില്‍ ആവശ്യപ്പെട്ടു.

ആമസോണിന്റെ അലക്സാ അസിസ്റ്റന്‍റിനും ഗൂഗിൾ അസിസ്റ്റന്‍റിനുമൊപ്പം വിപണിയില്‍ സജീവമാകുന്നതില്‍ നിന്ന് ഗൂഗിള്‍ തങ്ങളെ തങ്ങളെ തടഞ്ഞെന്ന് സോനോസ് സിഇഒ പാട്രിക് സ്പെൻസ് യുഎസ് ഹൗസ് ആന്റിട്രസ്റ്റ് കമ്മിറ്റിക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തി, " ഗൂഗിള്‍ മൊത്തം നൂറോളം പേറ്റന്‍റുകള്‍ ലംഘിച്ചെന്നാണ് സോനോസിന്‍റെ ആരോപണം. ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിലോ വിൽക്കുന്നതിലോ ഉള്ള തങ്ങളുടെ കഴിവിനെ ബാധിക്കുന്നതല്ല സോനോസിന്‍റെ ആരോപണങ്ങള്‍ എന്നാണ് ഗൂഗിളിന്‍റെ വാദം.

സ്‍മാര്‍ട്ട് സ്‍പീക്കറുകളുടെ സാങ്കേതികവിദ്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണെന്നും സോനോസിൽ നിന്ന് പകർത്തിയതല്ലെന്നും ഗൂഗിൾ വാദിക്കുന്നു. തങ്ങളുടെ സ്മാർട്ട് സ്പീക്കറ്‍, വോയ്സ് കൺട്രോൾ ടെക്‌നോളജി പേറ്റന്റുകളില്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് സോനോസിനെതിരെ ഗൂഗിളും കേസ് കൊടുത്തിട്ടുണ്ട്. 

Tags:    

Similar News