ഗാര്‍മെന്റ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നവംബർ 20 മുതല്‍ വയനാട്ടിൽ
ഗാർമെൻ്റ്സ് ക്രിക്കറ്റ് അസ്സോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ആറാമത് പ്രീമിയർ ക്രിക്കറ്റ് ലീഗ് ഈ മാസം 20 മുതല്‍ 24 വരെ വയനാട്ടിലെ കൃഷ്ണഗിരി KCA സ്റ്റേഡിയത്തിൽ അരങ്ങേറും. ടൂർണമെൻ്റിന് മുന്നോടിയായുള്ള ജേഴ്‌സി പ്രകാശനം എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ കേരളാ ക്രിക്കറ്റ് അസോസ്സിയേഷൻ പ്രസിഡൻ്റ് ശ്രീ. ജയേഷ് ജോർജ്ജ് നിർവഹിച്ചു. അസ്സോസിയേഷൻ പ്രസിഡൻ്റ് VMH അഹമ്മദുള്ള സെക്രട്ടറി സാബി ജോൺ വൈസ് പ്രസിഡൻ്റ് മാലിക് ജോയിൻറ് സെക്രട്ടറി ഷാജി ദിവാകരൻ ട്രഷറർ ജിനോയി വർഗ്ഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 12 ടീമുകളാണ് കളിക്കുക.
സംഘടനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുളള ധന സമാഹരണാര്‍ത്ഥമാണ് ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. ഈ ടൂർണ്ണമെൻ്റിലൂടെ സമാഹരിക്കപ്പെടുന്ന തുകയുടെ ഒരു വിഹിതം വയനാട് ദുരിദാശ്വാസ ഫണ്ടിലേയ്ക്ക് നൽകി വയനാടിൻ്റെ പുനരധിവാസ പ്രവർത്തങ്ങളിൽ പങ്കാളികളായി മാറുവാൻ ഗാർമെൻ്റ് ക്രിക്കറ്റ് അസോസ്സിയേഷൻ ട്രസ്റ്റ് തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ ഭവന നിർമ്മാണത്തിന് സാമ്പത്തിക സഹായവും ഗുരുതര രോഗാവസ്ഥയിലുള്ളവർക്ക് ചികിത്സ സഹായവും സംഘടന നൽകി വരുന്നതായും ഭാരവാഹികൾ അറിയിച്ചു.