തൃശ്ശൂരിൽ പൂര്‍വവിദ്യാർത്ഥി സ്‌കൂളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

തൃശൂർ വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം

Update: 2023-11-21 11:20 GMT

 തൃശ്ശൂരിൽ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാർത്ഥി ക്ലാസ് മുറികളില്‍ കയറി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്കൂളിലാണ് പൂർവ വിദ്യാർത്ഥി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും എയർ പിസ്റ്റൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. ആർക്കും അപായമില്ല. 

വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10:15 ഓടെയാണ് സംഭവം നടന്നത്.

വിവേകോദയം ബോയ്‌സ് സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ പൂര്‍വവിദ്യാർത്ഥി മുളയം സ്വദേശി ജഗന്‍ രണ്ടുകൊല്ലം മുന്‍പാണ് സ്‌കൂളില്‍ പഠിച്ചിരുന്നതെന്നാണ് അധ്യാപകർ പറയുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് അധ്യാപകരെ അസഭ്യം പറഞ്ഞതടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും തുടർന്ന് പരീക്ഷ എഴുതിക്കാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചതിനെ തുടർന്ന് പഠന൦  അവസാനിപ്പിക്കുക ആയിരുന്നു

ജീവനക്കാർ പറയുന്നതനുസരിച്ച് പത്തുമണിയോടെ സ്‌കൂളിലെത്തിയ പൂര്‍വവിദ്യാർത്ഥി ആദ്യം സ്റ്റാഫ് റൂമിലാണ് എത്തിയത്. രണ്ടുകൊല്ലം മുന്‍പ് പഠനം നിര്‍ത്തി പോയപ്പോള്‍ തന്റെ തൊപ്പി ഇവിടെ വാങ്ങി വച്ചിട്ടുണ്ടെന്നും അത് തിരികെ വേണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ പ്രതി സ്‌കൂളിന് തീകൊളുത്തുമെന്ന് പറയുകയും തന്റെ കൈവശമുള്ള ബാഗിൽ നിന്ന് എയർ പിസ്റ്റൾ എടുക്കുകയും ചെയ്തു. തുടർന്ന് പിസ്റ്റൾ പുറത്തെടുത്ത് ക്ലാസ് മുറികളിലൊന്നിലേക്ക് അതിക്രമിച്ച് കയറി മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഇയാൾ ഓടിരക്ഷപ്പെട്ടെങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. സംഭവത്തില്‍ പ്രതിയായ ജഗന്‍ ഇപ്പോൾ  തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ.

Tags:    

Similar News