ഇസാഫിന്റെ കിട്ടാക്കടം നാലിലൊന്നായി കുറഞ്ഞു

  • അറ്റ നിഷ്‌ക്രിയ ആസ്തി115.81 കോടി
  • ഒന്നാം പാദത്തിലെ ലാഭം129.96 കോടി

Update: 2023-08-17 12:20 GMT

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിഷ്‌ക്രിയ ആസ്തി ഗണ്യമായി കുറച്ച് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ഇതോടെ ബാങ്കിന്റെ ഐപിഒയ്ക്കായുള്ള ദീര്‍ഘകാലമായുള്ള കാത്തിരിപ്പ് ഫലം കണ്ടേക്കും. ഐപിഒയ്ക്കായുള്ള ബാങ്കിന്റെ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മൂന്നാം തവണ ഡ്രാഫ്റ്റ് രേഖകള്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് ഐപിഒയ്ക്കുള്ള രണ്ടാമത്തെ ശ്രമങ്ങള്‍ പരാജയപ്പെട്ടത്. അതാണ് ഇപ്പോള്‍ നടക്കുന്ന മൂന്നാമത്തെ ശ്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്കിന്റെ മൊത്തം കിട്ടാക്കടം മൂന്നില്‍ രണ്ടായി കുറഞ്ഞ് 734.36 കോടി രൂപയില്‍ നിന്നും 237.61 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി നാലില്‍ മൂന്നായും കുറഞ്ഞ് 439.42 കോടി രൂപയില്‍ നിന്നും 115.81 കോടി രൂപയായി. ഇത് അടിസ്ഥാനപരമായി ഉയര്‍ച്ച നേടാന്‍ ബാങ്കിനെ സഹായിച്ചു.

അറ്റ നിഷ്‌ക്രിയ ആസ്തി നിലവിലെ നിലയിലേക്ക് കുറയ്ക്കുന്നതിനായി 2023 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ ബാങ്ക് 126.93 കോടി രൂപയുടെ പ്രൊവിഷനിംഗ് (കിട്ടാക്കടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ട്) നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് പ്രൊവിഷനിംഗിന് നല്‍കിയതിനേക്കാള്‍ 51 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ പ്രൊവിഷനിംഗിന് 83.62 കോടി രൂപയാണ് നല്‍കിയത്. ബാങ്കിന്റെ ഒന്നാം പാദത്തിലെ ലാഭം മുന്‍ വര്‍ഷത്തെ 105.97 കോടി രൂപയില്‍ നിന്ന് 129.96 കോടി രൂപയായി മെച്ചപ്പെടുകയും മൂലധന പര്യാപ്തതാ അനുപാതം (സിഎആര്‍) 2023 ജൂണ്‍ അവസാനത്തോടെ 20.31 ശതമാനത്തില്‍ നിന്ന് നേരിയ തോതില്‍ 20.56 ശതമാനമായി ഉയരുകയും ചെയ്തു.

ആദ്യഘട്ടത്തില്‍ കോവിഡിന് തൊട്ടു മുമ്പ്് 2020 മാര്‍ച്ചിലാണ് ഐപിഒ വഴി 800 കോടി രൂപ ഉള്‍പ്പെടെ 976 കോടി രൂപ സമാഹരിക്കാന്‍ ഇസാഫിന് സെബി അംഗീകാരം ലഭിച്ചത്. 2021 ജൂലൈയില്‍ ഇസാഫ് രണ്ടാം തവണയും ഇതേ തുക സമാഹരിക്കാന്‍ ഐപിഒ പേപ്പറുകള്‍ സമര്‍പ്പിക്കുകയും ഒക്ടോബറില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. മൂന്നാം തവണ 629 കോടി രൂപ വിലമതിക്കുന്ന വളരെ ചെറിയ ഐപിഒയുമായാണ് ബാങ്ക് വീണ്ടും സെബിയെ സമീപിച്ചിരിക്കുന്നത്.

ഇത്തവണ ബാങ്ക് ഓഫര്‍ ഫോര്‍ സെയിലി (ഒഎഫ്എസ്) ലൂടെ ഇസാഫ് ഫിനാന്‍സ് ഹോള്‍ഡിംഗ്‌സിന്റെ 119.26 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി 12.67 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് 10.37 കോടി രൂപ വരെയുള്ള ഓഹരികള്‍ വില്‍ക്കാനാണ് ഒരുങ്ങുന്നത്.







\

Tags:    

Similar News