സ്റ്റാര്‍ലിങ്ക് 2024-ല്‍ തന്നെ; ലൈസന്‍സ് നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും;

Update: 2023-11-08 09:21 GMT
starlink as early as 2024, central govt is ready to issue the license
  • whatsapp icon

ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ 2024-ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. വോയ്‌സ്, ഡാറ്റ കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നാണു സൂചന. ഡാറ്റ സ്‌റ്റോറേജ്, ട്രാന്‍സ്ഫര്‍ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ചു സ്റ്റാര്‍ലിങ്ക് സമര്‍പ്പിച്ച വിശദീകരണങ്ങള്‍ തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

സുരക്ഷാ പരിശോധന കൂടി കഴിഞ്ഞാല്‍ സ്റ്റാര്‍ലിങ്കിന് ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റ്‌ലൈറ്റ് സര്‍വീസസ് (ജിഎംപിസിഎസ്) ലൈസന്‍സ് നല്‍കാനാണു തീരുമാനമെന്നു സര്‍ക്കാര്‍ അറിയിച്ചു.

ഇപ്പോള്‍ ജിഎംപിസിഎസ് ലൈസന്‍സുള്ളത് എയര്‍ടെല്ലിന്റെ ഉടമകളായ ഭാരതി പിന്തുണയ്ക്കുന്ന വണ്‍ വെബ്ബിനും, റിലയന്‍സിന്റെ ജിയോയ്ക്കുമാണ്.

ജിഎംപിസിഎസ് ലൈസന്‍സ് ലഭിച്ചു കഴിഞ്ഞാലും ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററിന്റെ (ഇന്‍-സ്‌പേസ്) അനുമതി തേടണം. അതിനു ശേഷം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ (ഡിഒടി) സ്‌പെക്ട്രം വിതരണത്തിനായി കാത്തിരിക്കേണ്ടതുമുണ്ട്.

സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ്, വോയ്‌സ് കോള്‍, മെസേജിംഗ് സേവനങ്ങളാണ് സ്റ്റാര്‍ലിങ്ക് നല്‍കുന്നത്.

സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി സ്റ്റാര്‍ലിങ്കിന് സേവനം ആരംഭിക്കാനുള്ള അനുമതി തടഞ്ഞു വച്ചിരിക്കുകയായിരുന്നു.

സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹങ്ങള്‍ ആഗോളതലത്തിലുള്ളതാണെന്നും അതിനാല്‍ ഡാറ്റ സംഭരണം, കൈമാറ്റം എന്നിവ സംബന്ധിച്ച കാര്യത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള നിയമങ്ങള്‍ മാത്രമാണ് അനുസരിക്കാന്‍ സ്റ്റാര്‍ലിങ്ക് ബാധ്യസ്ഥരെന്നും ഇന്ത്യയെ അറിയിച്ചിരുന്നു. ഇതും സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കാന്‍ തടസ്സം സൃഷ്ടിച്ച കാര്യമായിരുന്നു. ഇത്തരം തടസ്സങ്ങള്‍ ഇപ്പോള്‍ നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്റര്‍നെറ്റ് ഇല്ലാത്ത രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും.

താഴ്ന്ന ഭ്രമണപഥത്തില്‍ വിന്യസിക്കുന്ന ചെറു ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ചാണ് ലോകമെമ്പാടും അതിവേഗ ഇന്റര്‍നെറ്റ് സ്റ്റാര്‍ലിങ്ക് എത്തിക്കുന്നത്.

സ്റ്റാര്‍ലിങ്കിന് പുറമെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും സ്റ്റാര്‍ലിങ്കിന് സമാനമായ സേവനം ആരംഭിക്കാനായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    

Similar News