രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ 390 പേര്‍ കോടീശ്വരന്മാര്‍
- മഥുരയില്‍ നിന്നും ജനവിധി തേടുന്ന ഹേമമാലിനിയുടെ ആസ്തി 278 കോടി രൂപയാണ്
- രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ള ഓരോ സ്ഥാനാര്‍ഥിക്കും ശരാശരി 5.17 കോടി രൂപയുടെ ആസ്തിയുണ്ട്
- കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓരോ സ്ഥാനാര്‍ഥിക്കും ശരാശരി 39.70 കോടി രൂപയുടെ ആസ്തിയും ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് 24.68 കോടി രൂപയുടെ ആസ്തിയുമുണ്ട്
ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് രാജ്യത്ത് രണ്ടാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒന്നാം ഘട്ടം ഏപ്രില്‍ 19 ന് നടന്നിരുന്നു.
രണ്ടാം ഘട്ടത്തില്‍ 1198 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. ഇവരില്‍ 390 പേര്‍ (33%) കോടീശ്വരന്മാരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) നാഷണല്‍ ഇലക്ഷന്‍ വാച്ചും 1198 സ്ഥാനാര്‍ത്ഥികളില്‍ 1192 പേരുടെയും സത്യവാങ്മൂലം പരിശോധിച്ചതിനു ശേഷമാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ആറ് സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം മാത്രം പരിശോധിച്ചില്ല.
രണ്ടാം ഘട്ടത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും സമ്പന്നന്‍ കോ്ണ്‍ഗ്രസ് സ്ഥാനാര്‍ഥി വെങ്കട്ടരമണ ഗൗഡയാണ്. ഇദ്ദേഹം കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നാണു ജനവിധി തേടുന്നത്. 622 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 16.28 കോടി രൂപയാണ്.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ. സുരേഷ് ബെംഗളുരു റൂറല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നുണ്ട്. ഇദ്ദേഹത്തിന് 593 കോടി രൂപയുടെ ആസ്തിയുണ്ട്.
നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമമാലിനി യുപിയിലെ മഥുരയില്‍ നിന്നും ജനവിധി തേടുകയാണ്. 278 കോടി രൂപയാണ് ഹേമമാലിനിയുടെ ആസ്തി.
രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ള ഓരോ സ്ഥാനാര്‍ഥിക്കും ശരാശരി 5.17 കോടി രൂപയുടെ ആസ്തിയുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓരോ സ്ഥാനാര്‍ഥിക്കും ശരാശരി 39.70 കോടി രൂപയുടെ ആസ്തിയും ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് 24.68 കോടി രൂപയുടെ ആസ്തിയുമുണ്ട്.