വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു; മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്

Update: 2024-11-11 15:19 GMT

വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു; മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം. യുഡിഎഫ് തിരുവമ്പാടിയിലും എല്‍ഡിഎഫ് കല്‍പറ്റയിലും എന്‍ഡിഎ ബത്തേരിയിലുമാണ് കലാശക്കൊട്ട് നടത്തിയത്. ചേലക്കര ബസ് സ്റ്റാന്റിലായിരുന്നു  എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ കൊട്ടിക്കലാശം. ചേലക്കരയില്‍  മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ യു ആര്‍ പ്രദീപിനായി അണിനിരന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനായി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് അണികള്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തിറങ്ങി. മണിക്കൂറുകള്‍ നീണ്ട കൊട്ടിക്കലാശം ആറരയോടെ അവസാനിച്ചു. വയനാട്ടിലും ചേലക്കരയിലും നവംബര്‍ പതിമൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്. നാളെ നിശബ്ദപ്രചാരണമാണ്.

വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തിനെത്തി. എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്കൊപ്പം മന്ത്രി പി പ്രസാദും മറ്റ് നേതാക്കളും കൊട്ടിക്കലാശത്തിന് ആവേശം പകര്‍ന്നു.  നവ്യാ ഹരിദാസിനൊപ്പം പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളും അണിനിരന്നു. പാലക്കാട് 20നാണ് വേട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റിയത്.

Tags:    

Similar News