ഹരിയാനയിൽ മൂന്നാം വട്ടവും ബിജെപി; ഇന്ത്യ സഖ്യത്തിനൊപ്പം നിന്ന് ജമ്മു കശ്മീർ

Update: 2024-10-08 14:37 GMT

നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയിൽ മൂന്നാമതും ഭരണം നിലനിർത്തി ബിജെപി. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി. കോൺഗ്രസിന് 37 സീറ്റാണ് നേടാനായത്. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകർന്നടിഞ്ഞു. ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. ഹരിയാനയിൽ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറിൽ ആഘോഷം കോൺഗ്രസ് കേന്ദ്രങ്ങളിലായിരുന്നു. എന്നാൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് പിറകിൽ പോയത് നേതാക്കളെ ഞെട്ടിച്ചു. എല്ലാ മാധ്യമങ്ങളും കോൺഗ്രസിന് 70ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ ഒമ്പതരയോടെ ഇത് മാറി മറിഞ്ഞു.

അതേസമയം ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിന് വിജയം നേടാനായി. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി ജയം സ്വന്തമാക്കി കൊണ്ടാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്.  മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ്. ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയത്. എന്നാൽ വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്. വടക്കന്‍ കശ്മീരിലും നാഷണല്‍ കോണ്‍ഫറന്‍സാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. പത്ത് കൊല്ലം മുന്‍പ് ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന പിഡിപിക്ക് മൂന്ന് സീറ്റുകൾ മാത്രമാണ് നേടാനായത്. മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി കന്നിയങ്കത്തിൽ പരാജയമേറ്റുവാങ്ങിയതും പിഡിപിക്ക് തിരിച്ചടിയായി. ആരുടെയും സഹായം കൂടാതെ ഇന്ത്യസഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാമെന്നായതോടെ ഒമര്‍ അബ്ദുള്ളയാകും മുഖ്യമന്ത്രിയെന്ന് ഫറൂക്ക് അബ്ദുള്ള പ്രഖ്യാപിച്ചു.

Similar News