സ്ത്രീകള്‍ക്ക് മാസം 3000 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; വമ്പന്‍ വാഗ്ദാനങ്ങളുമായി മഹാ വികാസ് അഘാഡി
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡി സഖ്യം. സ്ത്രീകളേയും കര്‍ഷകരേയും ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളാണ് മഹാവികാസ് അഘാഡിയുടെ പ്രകടന പത്രികയിലുള്ളത്. ഞായറാഴ്ച മുംബൈയിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പത്രിക പുറത്തിറക്കിയത്. മഹാരാഷ്ട്രനാമ' എന്ന പേരിലുള്ള പ്രകടനപത്രികയില്‍, ജാതി സെന്‍സസ്, മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം, സൗജന്യ ബസ് യാത്ര, വര്‍ഷം 500 രൂപ നിരക്കില്‍ ആറ് പാചക വാതക സിലിണ്ടറുകള്‍ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ സഹായധനം നൽകുന്ന മഹാലക്ഷ്മി പദ്ധതി, കുടുംബങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഒരു കുടുംബത്തിന് മൂന്നുലക്ഷം രൂപയുടെ വാർഷികസഹായ പാക്കേജ് എന്നിവയും പത്രികയിലുണ്ട്. സംസ്ഥാനത്തെ കര്‍ഷകരുടെ 3 ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളലിന് പുറമെ സ്ഥിരമായി വായ്പ തിരിച്ചടയ്ക്കുന്നതിന് 50,000 രൂപ ഇന്‍സെന്റീവും നല്‍കും. സംസ്ഥാനത്ത് മഹാവികാസ് അഘാഡി സഖ്യം അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുള്ള 100 ദിന കര്‍മ പദ്ധതിയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 നാണ് വോട്ടെടുപ്പ്.