പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയിരിക്കുകയാണ് മുന്നണികള്‍.
മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 94,412 പുരുഷ വോട്ടർമാരും നാല് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ് പാലക്കാട് മണ്ഡലം.
പാലക്കാട് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ രംഗത്തുള്ളത് 10 സ്ഥാനാര്‍ത്ഥികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ (ഐഎൻസി, ചിഹ്നം: കൈ), സി കൃഷ്ണകുമാർ (ബിജെപി, ചിഹ്നം: താമര), ഡോ. പി സരിൻ (സ്വതന്ത്രൻ, ചിഹ്നം: സ്‌റ്റെതസ്‌കോപ്പ്), എം രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി (സ്വതന്ത്രൻ, ചിഹ്നം: തെങ്ങിൻതോട്ടം), എൻഎസ്‌കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പുകർഷകൻ), എസ് ശെൽവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പുശേരി സിദ്ദിഖ് (സ്വതന്ത്രൻ, ചിഹ്നം: ബാറ്ററി ടോർച്ച്).