അമേഠിയില്‍ രാഹുല്‍ മത്സരിക്കാത്തത് വോട്ടര്‍മാര്‍ക്ക് തെറ്റായ സന്ദേശം നല്‍കും: പ്രശാന്ത് കിഷോര്‍

  • രാഹുല്‍ കുടുംബ കോട്ടയായ അമേഠിയെ ഉപേക്ഷിക്കുന്നത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നു പ്രശാന്ത് കിഷോര്‍
  • 2014-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വന്തം സീറ്റായ ഗുജറാത്തിലെ വഡോദര മണ്ഡലത്തിനൊപ്പം വാരാണസിയില്‍ നിന്നും മത്സരിച്ചിരുന്നു
  • 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആഗ്രഹിച്ച ഫലം നേടിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഇടവേള എടുക്കണമെന്നും പ്രശാന്ത് കിഷോര്‍

Update: 2024-04-08 06:29 GMT

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപി, ബിഹാര്‍, മധ്യപ്രദേശ് ഉള്‍പ്പെടുന്ന ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളില്‍ നിന്നും വിജയിക്കാന്‍ രാഹുല്‍ ഗാന്ധിക്കു കഴിയുന്നില്ലെങ്കില്‍ യാതൊരു പ്രയോജനവുമില്ലെന്നു രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

കേരളത്തിലെ വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി വിജയിച്ചാലും അര്‍ത്ഥമില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി തന്റെ കുടുംബ കോട്ടയായ അമേഠിയെ ഉപേക്ഷിക്കുന്നത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കിഷോര്‍ പറഞ്ഞു.

2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. അന്ന് വയനാട്ടിലും മത്സരിച്ച രാഹുലിന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനുമായിരുന്നു. എന്നാല്‍ 2024-ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ മാത്രമാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. അമേഠിയില്‍ മത്സരിക്കാതെ മാറിനില്‍ക്കുമെന്നും സൂചനയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രശാന്ത് കിഷോര്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

2014-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വന്തം സീറ്റായ ഗുജറാത്തിലെ വഡോദര മണ്ഡലത്തിനൊപ്പം വാരാണസിയില്‍ നിന്നും മത്സരിച്ചിരുന്നു.

ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളില്‍ നിന്നും വിജയിക്കുകയോ അവിടെ കാര്യമായ ഭൂരിപക്ഷം നേടുകയോ ചെയ്യുന്നതു വരെ ഒരു പാര്‍ട്ടിക്കും ഒരു നേതാവിനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആഗ്രഹിച്ച ഫലം നേടിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഇടവേള എടുക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Tags:    

Similar News